സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എല്ലാവരും കേള്‍ക്കുന്ന ചോദ്യം
“വലുതാകുമ്പോള്‍ ആരാകണം”
കുഞ്ഞുകുട്ടികള്‍ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വരാറില്ല.
പല പല ഉത്തരങ്ങള്‍, പക്ഷെ അതില്‍ വലിയൊരു പങ്കും ഡോക്ടര്‍ ആയിരിക്കും. കാരണം നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരാളാണ് ഡോക്ടര്‍ എന്ന് ആ പ്രായത്തില്‍ തന്നെ അവര്‍ മനസ്സിലാക്കിയിരിക്കുന്നു.
ജനനം മുതല്‍ മരണം വരെ നമുക്ക് അവരുടെ സേവനം ആവശ്യമാണ്. അതുകൊണ്ട് തന്നെ എല്ലാകാലവും ജോലിസാധ്യതയുള്ള മേഖലയെന്നനിലയില്‍ ഡോക്ടര്‍ എന്ന സ്വപ്നം കാണുന്നവരും കുറവല്ല.
കുഞ്ഞുനാളിലെ ആ സ്വപ്നം ഇപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നവരാണോ നിങ്ങള്‍?
ആതുര സേവന രംഗത്ത് ശോഭിക്കാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടോ?
എങ്കില്‍ തീര്‍ച്ചയായും നീറ്റ് (NEET) പരീക്ഷയെ കുറിച്ച് അറിഞ്ഞിരിക്കണം.
നീറ്റ് പരീക്ഷ എന്നാല്‍ എന്ത്?
ഇന്ത്യയില്‍, മെഡിക്കല്‍ ബിരുദ/ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശനം നേടുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ് നീറ്റ് (National Eligibility cum Entrance Test). ബിരുദ കോഴ്സുകളിലേക്ക് നീറ്റ്- യു.ജി, ബിരുദാനന്തര കോഴ്സുകളിലേക്ക് നീറ്റ് – പി.ജി. എന്നിങ്ങനെ രണ്ടു വ്യത്യസ്ത പരീക്ഷകളാണുള്ളത്.
നീറ്റ് – യു. ജി
ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സ്വപ്നസാക്ഷാത്കരത്തിലെക്കുള്ള ആദ്യ പടിയാണ് നീറ്റ് -യു.ജി എക്സാം. മെഡിക്കല്‍ (MBBS), ഡെന്റല്‍ (BDS), ആയുര്‍വ്വേദ (BAMS), യോഗ & പ്രകൃതി ചികിത്സ (BNYS), യുനാനി (BUMS), സിദ്ധ (BSMS), ഹോമിയോപ്പതി (BHMS) തുടങ്ങിയ എല്ലാ കോഴ്സുകള്‍ക്കും ഇതു ബാധകമാണ്.
നീറ്റ് – പ്രാധാന്യം
നീറ്റ് നിലവില്‍ വരുന്നതിനു മുന്‍പ്, CBSE നടത്തുന്ന ആള് ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റ് (AIPMT), കൂടാതെ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷകള്‍, വിവിധ മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന പരീക്ഷകള്‍ എന്നിങ്ങനെ പലവിധ പരീക്ഷകളിലൂടെയാണ് MBBS, BDS മുതലായ കോഴ്സുകളിലേക്ക് പ്രവേശനം നടത്തിയിരുന്നത്.
2019 ല്‍ NMC Act (National Medical Commission Act) നിലവില്‍ വന്നതോടുകൂടി AIIMS, JIPMER ഉള്‍പ്പെടെ രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും (ഗവണ്മെന്റ് & പ്രൈവറ്റ്) നീറ്റ് നിര്‍ബന്ധമാക്കി.
JIPMER, അലൈഡ് ഹെല്‍ത്ത് സയന്‍സ്, രാജകുമാരി അമൃത്കൗര്‍ കോളേജ് ഓഫ് നഴ്സിംഗ് ന്യുഡല്‍ഹി, ബനാറസ് ഹിന്ദു സര്‍വ്വകലാശാല എന്നിവിടങ്ങളിലെ BSC നഴ്സിംഗ് പ്രവേശനവും നീറ്റ് അടിസ്ഥാനത്തിലാണ്.
മെഡിക്കല്‍ കോഴ്സുകള്‍ കൂടാതെ കേരളത്തിലെ മെഡിക്കല്‍ അലൈഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനും നീറ്റ് ഒരു പ്രധാന മാനദണ്ഡമാണ്.
2020 മുതല്‍ വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍, ഡെന്റല്‍ കോഴ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 50 പെര്‍സെന്റയില്‍ മാര്‍ക്ക് വാങ്ങി നീറ്റ് യോഗ്യത നേടിയിരിക്കണം. പരീക്ഷയെഴുതിയ ആകെ കുട്ടികളില്‍ 50% കുട്ടികള്‍ക്കും ലഭിക്കുന്ന മാര്‍ക്കിനേക്കാള്‍ കൂടുതല്‍ ലഭിക്കണമെന്നാണ് 50 പെര്‍സെന്റയില്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്‍ ടി എ
2019 മുതല്‍ ഇന്ത്യാ ഗവണ്മെന്റിനു കീഴിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ആണ് നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്. അപേക്ഷ ക്ഷണിക്കുന്നതും, ഫലം പ്രസിദ്ധീകരിക്കുന്നതും ഓരോ വിഭാഗത്തിലുമുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതും. NTA ആണ്.
യോഗ്യത
- സയന്‍സ് (ഫിസിക്സ് , കെമിസ്ട്രി , ബയോളജി), ഇംഗ്ലീഷ് ഐശ്ചിക വിഷയമായി CBSE/ ICSE/ സ്റ്റേറ്റ് ബോര്‍ഡ് നടത്തുന്ന പ്ലസ്ടു കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം. പ്ലസ്ടു ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
- ഓപ്പണ്‍സ്കൂള്‍, പ്രൈവറ്റ് രീതികളില്‍ പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
- ഓരോ വിഭാഗവും പ്ലസ്ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (PCB) വിഷയങ്ങളിലായി നിശ്ചിത ശതമാനം മാര്‍ക്ക് നേടിയിരിക്കണം (Table-1)
ഓരോ വിഭാഗവും നേടിയിരിക്കേണ്ട മിനിമം മാര്‍ക്ക്.
Table 1:
വിഭാഗം | പ്ലസ്ടു മാര്‍ക്ക് (%) (P+C+B) |
ജനറല്‍ | 50% |
SC/ST/ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ | 40% |
ജനറല്‍ – വികലാംഗര്‍ | 45% |
SC/ST/ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ – വികലാംഗര്‍ | 40% |
പ്രായപരിധി
- നീറ്റ് എക്സാം എഴുതുന്നതിനുള്ള കുറഞ്ഞ പ്രായം 17 വയസ്സാണ്.
- ജനറല്‍, ജനറല്‍ EWS എന്നീ വിഭാഗങ്ങളുടെ പ്രായപരിധി 25 വയസ്സ്.
- സംവരണ വിഭാഗങ്ങള്‍ക്ക് 30 വയസ്സുവരെ നീറ്റ് എഴുതാം.
- ഈ പ്രായപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും നീറ്റ് പരീക്ഷ എഴുതാവുന്നതാണ്.
അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
- ഒരാള്‍ ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ.
- ഇ-മെയില്‍, ഫോണ്‍നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. നീറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും NTA നിങ്ങളിലേക്കെത്തിക്കുന്നത് ഇതുവഴിയാണ്.
- നിശ്ചിത സമയത്തിനുള്ളില്‍ തന്നെ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്.
അപേക്ഷാഫീസ്
ഓരോ വിഭാഗത്തില്‍ നിന്നും ഈടാക്കുന്ന ഫീസ് വിവരം (NEET 2022 Application Fees) പട്ടികയില്‍ (Table 2) കൊടുത്തിരിക്കുന്നു.
Table 2:
വിഭാഗം | ഫീസ് |
ജനറല്‍ | Rs. 1500 |
ജനറല്‍ EWS, OBC-NCL | Rs. 1400 |
SC/ST/PWD/ട്രാന്‍സ് ജെന്‍ഡര്‍ | Rs. 800 |
വിദേശികള്‍ | Rs. 7500 |
സീറ്റ് സംവരണം
സംസ്ഥാനങ്ങള്‍ക്കു കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലും കേന്ദ്ര സര്‍വ്വകലാശാല/സര്‍വ്വകലാശാല സ്ഥാപനങ്ങളിലും പ്രത്യേകമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
A. സ്റ്റേറ്റ് ഓണ്ട് മെഡിക്കല്‍ കോളേജുകള്‍
സ്റ്റേറ്റ് ഓണ്ട് മെഡിക്കല്‍ കോളേജുകളിലെ 15% സീറ്റുകള്‍ ഓള് ഇന്ത്യാ ക്വാട്ടയിലും , അതു കഴിഞ്ഞു വരുന്ന 85% സീറ്റുകള്‍ സ്റ്റേറ്റ് ക്വാട്ടയിലും ഉള്‍പ്പെട്ടിരിക്കുന്നു.
- ഓള് ഇന്ത്യാ ക്വാട്ട
15% വരുന്ന ഓള് ഇന്ത്യ ക്വാട്ടയില്‍ 15%- SC, 7.5%-ST സംവരണം അനുവദിച്ചിട്ടുണ്ട് (Table-3).
സംവരണ സീറ്റുകള്‍ കഴിഞ്ഞു വരുന്ന ഓപ്പണ്‍ മെരിറ്റ് സീറ്റുകളിലേക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതാണ്. നീറ്റ് യോഗ്യത നേടിയ എല്ലാവര്ക്കും (വിദേശികള്‍, OCI, NRIs, PIO ഉള്‍പ്പെടെ) ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
15% ഓള് ഇന്ത്യ ക്വാട്ടയിലെ സംവരണ സീറ്റുകള്‍
Table 3:
വിഭാഗം | സംവണ സീറ്റുകള്‍ (%) |
SC | 15% |
ST | 7.5% |
PWD horizontal reservation as per NMC norms. | 5% |
- സ്റ്റേറ്റ് ക്വാട്ട
മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളില്‍ 85% സീറ്റുകള്‍ അതതു സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ സ്ഥിരതാമസമുള്ള, നിശ്ചിത സംസ്ഥാനത്തെ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഇത് ലഭ്യമാകും.
കേരളത്തിൽ 85% സീറ്റുകളില്‍ നിന്നും SC, ST, OBC, EWS, PWD എന്നിവര്‍ക്കായി 50% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട് (Table-5).
സ്റ്റേറ്റ് ക്വാട്ടയിലെ (കേരള) സീറ്റ് സംവരണം
Table 4:
വിഭാഗം | സംവരണ സീറ്റുകള്‍ (%) |
SC | 8% |
ജനറല്‍ -EWS | 10% |
ST | 2% |
മറ്റു പിന്നോക്ക വിഭാഗങ്ങള്‍ | 27% |
വികലാംഗര്‍ | 3% |
B. കേന്ദ്ര സര്‍വ്വകലാശാലകള്‍/നാഷണല്‍ ഇന്സ്റ്റിട്യുട്ടുകള്
കേന്ദ്ര സര്‍വ്വകലാശാലകളിലും നാഷണല്‍ ഇന്സ്റ്റിട്യുട്ടുകളിലും SC, ST ഇവയ്ക്കു പുറമേ OBC (സെന്‍ട്രല്‍ ഗവന്മേന്റിന്റെ OBC ലിസ്റ്റ് പ്രകാരം), EWS വിഭാഗങ്ങള്‍ക്കും സംവരണം ഉണ്ട് (Table-5).
കേന്ദ്ര സര്‍വ്വകലാശാലകളിലെ സീറ്റ് സംവരണം
Table 5:
വിഭാഗം | സംവണ സീറ്റുകള്‍ (%) |
SC | 15% |
ST | 7.5% |
OBC-(NCL) as per the central OBC list. | 27% |
EWS – as per central government norms. | 10% |
PWD horizontal reservation as per NMC norms. | 5% |
സിലബസ് & എക്സാം പാറ്റേണ്‍
- 11, 12 ക്ലാസ്സുകളിലെ ഫിസിക്സ് , കെമിസ്ട്രി, ബയോളജി ( സുവോളജി & ബോട്ടണി) പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്.
- 3 മണിക്കൂര്‍ (180 മിനുട്ട്) സമയം അനുവദിച്ചിട്ടുള്ള എഴുത്ത് പരീക്ഷയാണ്.
- 2021 മുതല്‍ പരീക്ഷാരീതിയില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മുകളില്‍ പറഞ്ഞ നാലു വിഷയങ്ങളില്‍ ഓരോ വിഷയത്തില്‍ നിന്നും 50 ചോദ്യങ്ങള്‍ ഉണ്ടാകും. ആകെ 200 ചോദ്യങ്ങള്‍.
- ഓരോ വിഷയത്തില്‍ നിന്നുള്ള ചോദ്യങ്ങളും സെക്ഷന്‍ A, സെക്ഷന്‍ B എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. സെക്ഷന്‍ A യില്‍ 35 ചോദ്യങ്ങളും, സെക്ഷന്‍ B യില്‍ 15 ചോദ്യങ്ങളുമാണ് ഉണ്ടാവുക. സെക്ഷന്‍ A യില്‍ 35 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതാണ് എന്നാല്‍ സെക്ഷന്‍ B യില്‍ നിന്നും 10 ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്കിയാല് മതി (Table-6)
- ഇങ്ങനെ ഓരോ വിഷയത്തില്‍ നിന്നും 45 (35 + 10) ചോദ്യങ്ങള്‍ വീതം നാലു വിഷയങ്ങളില്‍ നിന്നുമായി ആകെ 180 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്.
- ഓരോ ചോദ്യത്തിനും നാല് ഉത്തരങ്ങള്‍ വീതം നല്കിയിരിക്കും, അതില്‍ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കേണ്ടതാണ്.
- ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് ലഭിക്കും. ആകെ 720 മാര്‍ക്ക്. തെറ്റുത്തരങ്ങള്‍ക്ക് 1 മാര്‍ക്ക് വീതം നഷ്ടമാവുകയും ചെയ്യും.
എക്സാം പാറ്റെണ്
Table 6:
വിഷയം | ചോദ്യങ്ങള്‍ (സെക്ഷന്‍ A) | ചോദ്യങ്ങള്‍ (സെക്ഷന്‍ B) | ആകെ ചോദ്യങ്ങള്‍ (സെക്ഷന്‍ A + സെക്ഷന്‍ B) |
ഫിസിക്സ് | 35 | 15 | 35+10 |
കെമിസ്ട്രി | 35 | 15 | 35+10 |
സുവോളജി | 35 | 15 | 35+10 |
ബോട്ടണി | 35 | 15 | 35+10 |
ആകെ ചോദ്യങ്ങള്‍ = 180
ആകെ മാര്‍ക്ക് = 720
ഭാഷകള്‍
ആദ്യ നീറ്റ് എക്സാം നടന്നത് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റു ചില പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി. ഇപ്പോള്‍ 13 ഭാഷകളില്‍ നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കും.
- ഹിന്ദി
- ഇംഗ്ലീഷ്
- ആസ്സാമീസ്
- ബംഗാളി
- ഗുജറാത്തി
- മറാത്തി
- ഒഡിയ
- തെലുങ്ക്
- തമിഴ്
- കന്നട
- ഉര്‍ദു
- പഞ്ചാബി
- മലയാളം
കട്ട് ഓഫ് പെര്‍സെന്റയില്‍
- നീറ്റ് പരീക്ഷയില്‍ മിനിമം കട്ട് ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമേ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ.
- എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ കുറഞ്ഞത് 40 പെര്‍സെന്റയില്‍ മാര്‍ക്ക് നേടിയാല്‍ മാത്രമേ ഓള് ഇന്ത്യാ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട പ്രവേശനങ്ങള്‍ക്ക് പരിഗണിക്കുകയുള്ളൂ.
- ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 50 പെര്‍സെന്റയില്‍ മാര്‍ക്കും, ജനറല്‍ വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ 45 പെര്‍സെന്റയില്‍ മാര്‍ക്കും വാങ്ങി നീറ്റ് യോഗ്യത നേടേണ്ടതാണ്.
- 1500000 കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍ അതില്‍ 7.5 ലക്ഷം കുട്ടികള്‍ നേടുന്ന മാര്ക്കിനേക്കള് കൂടുതല്‍ വാങ്ങണം എന്നാണ് 50 പെര്‍സെന്റയില്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് ഓരോ വര്‍ഷവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
മിനിമം കട്ട് ഓഫ് പെര്‍സെന്റയില്‍
Table 7:
വിഭാഗം | കട്ട് ഓഫ് പെര്‍സെന്റയില്‍ | 2021 ലെ കട്ട് ഓഫ് മാര്‍ക്ക് | 2020 ലെ കട്ട് ഓഫ് മാര്‍ക്ക് |
ജനറല്‍ | 50th | 720-138 | 720-147 |
ഒ.ബി.സി | 40th | 137-108 | 146-113 |
എസ്.സി | 40th | 137-108 | 146-113 |
എസ്.ടി | 40th | 137-108 | 146-113 |
UR/EWS&PH | 45th | 137-122 | 146-129 |
OBC&PH | 40th | 121-108 | 128-113 |
SC&PH | 40th | 121-108 | 128-113 |
ST&PH | 40th | 121-108 | 128-113 |
UR – Un reserved
EWS – Economically weaker section.
PH – Physically handicapped.
കേരളത്തിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം പരിശോധിക്കാം.
Table 8
കോഴ്സ് | ഗവണ്മെന്റ്കോളേജുകള് | ആകെ സീറ്റുകള്‍ | ഓള് ഇന്ത്യാ ക്വാട്ട | സ്റ്റേറ്റ് ക്വാട്ട |
MBBS | 10 | 1555 | 230 | 1325 |
BDS | 6 | 300 | 43 | 257 |
ഓരോ വര്‍ഷവും പതിനഞ്ചു ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മത്സര പരീക്ഷയാണ് നീറ്റ്. ഇന്ത്യയില്‍ നിലവില്‍ 596 മെഡിക്കല്‍ കോളെജുകളിലായി 88120 MBBS സീറ്റുകളും, 27498 BDS സീറ്റുകളുമാണുള്ളത്. ഈ സീറ്റുകളിലേക്ക് ഓരോ വര്‍ഷവും കടുത്ത മത്സരമാണ് നടക്കുന്നത്. 11th, 12th ക്ലാസ്സുകളില്‍ നിന്നും ആരംഭിക്കുന്ന പരിശീലനത്തിനു പുറമേ നിരന്തരമായ കഠിന പ്രയത്നവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും നല്ലൊരു റാങ്ക് നേടിയെടുക്കാം.