UNS Edutech

Categories
Malayalam

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അറിയേണ്ടതെല്ലാം

‘എങ്ങോട്ടു തിരിഞ്ഞാലും എഞ്ചിനീയറിംഗ് കോളേജുകൾ 

ബി ടെക് കാരെ തട്ടി വയ്യ 

അവൻ ബി ടെക് കഴിഞ്ഞു വെറുതെ ഇരിക്കുന്നു 

അടുത്ത കാലങ്ങളിലായി നമുക്കിടയിൽ ചിലരെങ്കിലും പറഞ്ഞു കേൾക്കാറുള്ള കാര്യങ്ങൾ. 

എന്നാൽ എന്താണ് ഇതിന്റെ സത്യാവസ്ഥ?

പലപ്പോഴും നല്ല  ശമ്പളവും സ്റ്റാറ്റസും മാത്രം മുന്നിൽ കണ്ട്   ഇഷ്ടമില്ലാത്ത കോഴ്സ് തിരഞ്ഞെടുത്ത്  ആപ്പിലായവരുടെ  ജല്പനങ്ങൾ മാത്രമാണിത് എന്നതാണ് സത്യം.

എന്നാൽ ഇത്രമാത്രം എൻജിനീയർമാരെ നമുക്ക് ആവശ്യമുണ്ടോ?

നമ്മുടെ രാജ്യത്ത്  മാത്രമല്ല ലോകത്തെവിടെയും ജോലി സാധ്യതയുള്ളവയാണ് ടെക്നിക്കൽ കോഴ്‌സുകൾ. ബുദ്ധിയും കഴിവും സമർഥ്യവുമുള്ളവർക്ക് എവിടെയും അവസരമുണ്ട് എന്ന് മനസ്സിലാക്കുക.

സ്ഫടികം സിനിമയിൽ ചാക്കോ മാഷ് പറയുന്ന ഒരു ഡയലോഗ് ഉണ്ട്:

“ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ്

അതുപോലെ എഞ്ചിനീയറിംഗ് മേഖലയുടെ ഹൃദയവും ആത്മാവുമാണ് മാത്തമാറ്റിക്‌സ്.  

ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം തുടങ്ങിയ സയൻസ് വിഷയങ്ങൾ ഇഷ്ടപ്പെട്ടു പഠിക്കുന്നവർക്ക് കണ്ണും പൂട്ടി ഈ മേഖലയിലേക്ക് വരാം.

അപ്പോൾ ഒരു സംശയം, എവിടെ പഠിക്കണം?

ശാസ്ത്ര സാങ്കേതിക മേഖലയുടെ ഭാഗവാക്കാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തെ ഏറ്റവും മികച്ച സ്‌ഥാപനങ്ങൾ തന്നെ ലക്ഷ്യം വയ്ക്കണം.

ലോകറാങ്കിങ്ങിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യയിലെ ഐ ഐ ടി കളിൽ ഒരു സീറ്റ് കിട്ടിയാലോ? പിന്നൊന്നും ചിന്തിക്കേണ്ട  ലൈഫ് സെറ്റ് ആണ്.

ഐഐടി കൂടാതെ എൻ ഐ ടി കൾ , ട്രിപ്പിൾ ഐ ടി കൾ , ജി ഫ് ടി ഐ കൾ തുടങ്ങിയ മികച്ച സ്‌ഥാപനങ്ങൾ വേറെയുമുണ്ട്.

എന്നാൽ മേല്പറഞ്ഞ സ്‌ഥാപനങ്ങളിൽ കയറിപ്പറ്റുക അത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്തിലെ തന്നെ കടുപ്പമേറിയ പരീക്ഷകളിലൊന്നായ ജെഇഇ പരീക്ഷ എന്ന കടമ്പ കടക്കേണ്ടതുണ്ട്.

സയൻസ് വിഷയങ്ങൾ ഇഷ്ടപ്പെടുന്ന ഗണിതത്തെ രസകരമായി പഠിക്കുന്ന ടെക്നിക്കൽ കോഴ്സ് പാഷൻ ആയി കൊണ്ട് നടക്കുന്നവരാണെങ്കിൽ ജെഇഇ എക്‌സാമിനെ അറിഞ്ഞുകൊണ്ട് പഠനം തുടരാം.

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ

സയൻസ് വിദ്യാർത്ഥികൾക്ക് രാജ്യത്തെ ഏറ്റവും മികച്ച പഠനാവസരവും അതുവഴി ആകർഷകമായ ജോലിയും വാഗ്ദാനം ചെയ്യുന്ന എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ പ്ലാനിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തപ്പെടുന്ന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ(JEE ). ജെ.ഇ.ഇ മെയിൻ , ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത പരീക്ഷകളാണുള്ളത്.

2012 വരെ രാജ്യത്തെ സാങ്കേതിക സ്‌ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NITs), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഇൻഫർമേഷൻ ടെക്നോളജി (IIITs)  ഗവണ്മെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇന്സ്ടിട്യൂറ്റ്സ് (GFTIs) കാമ്പസുകളിലെ പ്രവേശനം സി ബി എസ് സി നടത്തുന്ന AIEEE പരീക്ഷയെ അടിസ്ഥാനമാക്കിയായിരുന്നു. അതുപോലെ IIT കളിൽ പ്രവേശനം നേടുന്നതിനായി IIT – JEE പരീക്ഷയും ഉണ്ടായിരുന്നു.  2013 മുതല്‍ ജെ.ഇ.ഇ  എക്സാം ആരംഭിച്ചപ്പോൾ AIEEE ക്ക് പകരമായി ജെഇഇ  മെയിൻസും, IIT – JEE ക്സാമിന് പകരമായി ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയും നടത്തിത്തുടങ്ങി. ജെ.ഇ.ഇ മെയിൻസ് എഴുതി തിരഞ്ഞെടുക്കപ്പെടുന്നവർക്കു മാത്രമേ ജെ.ഇ.ഇ അഡ്വാൻസ്ഡ് എക്സാം എഴുതാൻ യോഗ്യതയുള്ളൂ.

2018 മുതല്‍ ജെ.ഇ.ഇ മെയിൻസ് പരീക്ഷ സംഘടിപ്പിക്കുകയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ചുമതലയാണ്. എന്നാല്‍ ജെ.ഇ.ഇ അഡ്വാന്‍സ്‌ഡ് എക്സാം നടത്തുന്നത് ഐ ഐ ടി കളാണ്.

ജെ.ഇ.ഇ മെയിന്‍ & അഡ്വാന്‍സ്‌ പരീക്ഷകളില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ  അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്തുന്നത് ജോയിന്റ് സീറ്റ് അലോകേഷന്‍ അതോറിറ്റിയാണ് (JoSAA).

JoSAA യുടെ പ്രവേശന നടപടികളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍

 • 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകൾ (IITs)
 • 31 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസുകൾ (NITs) 
 • 25 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കാമ്പസുകൾ (IIITs)
 • 19 ഗവണ്മെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇന്സ്ടിട്യൂറ്റ്സ് (GFTIs)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (IIPE), രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (RGIPT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST),  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) തുടങ്ങിയ ചില സ്ഥാപനങ്ങൾ പ്രവേശനത്തിനാധാരമായി ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ലഭിച്ച മാർക്ക് പരിഗണിക്കാറുണ്ടെങ്കിലും, തുടർനടപടികളിൽ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) പങ്കെടുക്കുന്നില്ല.

ജെഇഇ മെയിന്‍ 

ഇന്ത്യയിലെ  എന്‍ ഐ ടി കള്‍, ഐ ഐ ഐ ടി കള്‍, കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ (സി എഫ് ടി ഐ) തുടങ്ങിയ സ്ഥാപനങ്ങളിലെ ബിരുദതല എഞ്ചിനീയറിംഗ് , ആർക്കിടെക്ചർ, പ്ലാനിംഗ് കോഴ്‌സുകളിലേക്കുള്ള  പ്രവേശനം ജെ ഇ ഇ മെയിന്‍ പരീക്ഷയെ ആധാരമാക്കിയാണ്. 

രാജ്യത്തെ ഏറ്റവും മികച്ച ടെക്നിക്കല്‍ ഇന്സ്ടിട്യുട്ടുകളായ ഐ ഐ ടി കളില്‍ പ്രവേശനം നേടുന്നതിനായുള്ള ഒന്നാം ഘട്ട പരീക്ഷയാണ് ജെ.ഇ.ഇ മെയിന്‍. ഇതില്‍ നിന്നും രണ്ടാം ഘട്ട പരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ് എക്സാമിനെ അഭിമുഖീകരിക്കാന്‍ അവസരം ലഭിക്കുന്നവര്‍ക്ക് റാങ്കിന്റെ അടിസ്ഥാനത്തില്‍ IIT കളില്‍ പ്രവേശനം ലഭിക്കുന്നതാണ്.

ജെ.ഇ.ഇ മെയിന്‍ എക്സാം നാലു തവണയോ? എല്ലാം എഴുതേണ്ടതുണ്ടോ? 

അതെ. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി 2021 ല്‍ നാലു തവണകളായാണ് പരീക്ഷ നടത്തിയത്. എന്നാല്‍ ഈ നാലു സെക്ഷനിലും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. ഒന്നിലധികം തവണ എക്സാം എഴുതുകയാണെങ്കില്‍  നിങ്ങള്‍ അറ്റെന്റ് ചെയ്യുന്നവയില്‍ നിന്നും ലഭിക്കുന്ന ഉയര്‍ന്ന മാര്‍ക്ക് മാത്രമേ റാങ്കിംഗിനായി പരിഗണിക്കുകയുള്ളൂ.

ചോദ്യപേപ്പറുകള്‍ എത്ര ഭാഷകളില്‍?

ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാത്തി, മലയാളം, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 13 ഭാഷകളില്‍ ചോദ്യപേപ്പറുകള്‍ ലഭ്യമാണ്. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാ കേന്ദ്രങ്ങളില്‍ മലയാളത്തില്‍ ചോദ്യപേപ്പര്‍ ലഭിക്കും.

ജെ.ഇ.ഇ മെയിന്‍ ആര്‍ക്കെല്ലാം?

 • ഇന്ത്യന്‍ പൗരന്മാര്‍/ ഇന്ത്യയിലെ വിദേശ പൗരന്മാർ (OCI)/ ഇന്ത്യൻ വംശജർ (PIO) കൂടാതെ വിദേശികൾക്കും അപേക്ഷിക്കാം. 
 • ജെ.ഇ.ഇ മെയിന്‍ എക്സാമിന് അപേക്ഷിക്കാൻ പ്രായപരിധിയില്ല എന്നിരിക്കിലും  2020, 2021 വര്‍ഷങ്ങളില്‍ പ്ലസ്‌ ടു/ തത്തുല്യ യോഗ്യത നേടിയവര്‍ക്കും 2022 ല്‍ എക്സാം എഴുതുന്നവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. എന്നാല്‍ വിദ്യാര്‍ഥികള്‍ അവര്‍ പ്രവേശനം ആഗ്രഹിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രായപരിധിയില്‍ ഉള്‍ടുന്നവരായിരിക്കണം.

യോഗ്യതാ പരീക്ഷകള്‍

 • സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പോലെയുള്ള ഏതെങ്കിലും അംഗീകൃത കേന്ദ്ര/സംസ്ഥാന ബോർഡ് നടത്തുന്ന 10+2 അവസാന വര്‍ഷ പരീക്ഷ;  കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് തുടങ്ങിയവ.
 • ഒരു അംഗീകൃത ബോർഡ്/സർവകലാശാല നടത്തുന്ന ഇന്റർമീഡിയറ്റ് അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ.
 • നാഷണൽ ഡിഫൻസ് അക്കാദമിയുടെ ജോയിന്റ് സർവീസസ് വിംഗിന്റെ ദ്വിവത്സര കോഴ്സിന്റെ അവസാന പരീക്ഷ
 • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് നടത്തുന്ന സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (കുറഞ്ഞത് അഞ്ച് വിഷയങ്ങള്‍)
 • അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (AIU) 10+2 താത്തുല്യമായി അംഗീകരിച്ച ഇന്ത്യയിലെ അല്ലെങ്കിൽ ഏതെങ്കിലും വിദേശ രാജ്യത്തിലെ പബ്ലിക് സ്‌കൂൾ/ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷ.
 • ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് വൊക്കേഷണൽ പരീക്ഷ.
 • എഐസിടിഇ അല്ലെങ്കിൽ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകരിച്ച ഡിപ്ലോമ കുറഞ്ഞത് 3 വർഷത്തെ കാലാവധി.
 • അഡ്വാൻസ്ഡ് (എ) തലത്തിൽ ജനറൽ സർട്ടിഫിക്കറ്റ് എഡ്യൂക്കേഷൻ (ജിസിഇ) പരീക്ഷ (ലണ്ടൻ/കേംബ്രിഡ്ജ്/ശ്രീലങ്ക).
 • കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഹൈസ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ അല്ലെങ്കിൽ ജനീവയിലെ ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഓഫീസിന്റെ ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഡിപ്ലോമ.

മുകളില്‍ പറഞ്ഞിരിക്കുന്ന യോഗ്യതാ കോഴ്സുകളില്‍ കുറഞ്ഞത് അഞ്ചു വിഷയങ്ങള്‍ പഠിച്ചിരിക്കണം. 

എന്‍ജിനിയറിങ് കോഴ്സിനായി  ഗണിതം, ഭൗതികശാസ്ത്രം എന്നിവ നിര്‍ബന്ധമായും മൂന്നാം വിഷയമായി രസതന്ത്രം/ബയോളജി/ബയോടെക് നോളജി/ടെക്നിക്കല്‍ വോക്കേഷണല്‍ വിഷയം ഇവയിലേതെങ്കിലും പഠിച്ചിരിക്കണം. ബി.ആര്‍ക് ലക്ഷ്യമിടുന്നുവെങ്കില്‍  മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബി.പ്ലാനിങ് കോഴ്സിന് മാത്തമാറ്റിക്‌സും ആവശ്യമാണ്.

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • എന്‍ ടി എ യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
 • കൃത്യമായ വിവരങ്ങള്‍ മാത്രം നല്‍കാന്‍ ശ്രദ്ധിക്കുക.
 • എല്ലാ വിശദാംശങ്ങളും നല്‍കിയ ശേഷം (Table-1)  പ്രകാരമുള്ള ഫീസ് ഓൺലൈനായി അടയ്ക്കുക.
 • പൂരിപ്പിച്ച അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട് സൂക്ഷിച്ചുവെക്കുക.

അപേക്ഷാ ഫീസ്‌

ജെ.ഇ.ഇ മെയിന്‍ എക്സാമിന് അപേക്ഷിക്കാന്‍ ആവശ്യമായ ഫീസ്‌ വിവരം Table-1 ല്‍ കൊടുത്തിരിക്കുന്നു.

Table-1: ജെ ഇ ഇ മെയിന്‍സ് അപേക്ഷാഫീസ്‌ വിവരം 

CatogryType of candidateIn IndiaOutside India 
Paper 1: B.E./B. Tech or Paper 2A: B. Arch or Paper 2B: B.PlanningGeneral/Gen-EWS/ OBC(NCL)Male6503000
Female3251500
SC/ST/PwDMale3251500
Female3251500
Transgender3251500
Paper 1: B.E./B. Tech & Paper 2A: B. Arch or Paper 1: B.E./B. Tech & Paper 2B: B. Planning or Paper 1: B.E./B.Tech, Paper 2A: B. Arch & Paper 2B: B.Planning Or Paper 2A: B. Arch & Paper 2B: B.PlanningGeneral/GenEWS/OBC(NCLMale13006000
Female6503000
SC/ST/PwDMale6503000
Female6503000
Transgender6503000

പരീക്ഷാക്രമം 

ജെ ഇ  ഇ മെയിൻ എക്സാമിൽ രണ്ടു പേപ്പറുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.  എൻ ഐ ടി, ഐ ഐ ഐ ടി, സി എഫ് ടി ഐ, തുടങ്ങിയ സ്‌ഥാപനങ്ങളിലെ ബി ഇ/ബി ടെക് കോഴ്‌സുകളിലെ പ്രവേശനത്തിനായാണ് പേപ്പർ 1 പരീക്ഷ നടത്തുന്നത്. ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതുന്നതിനും പേപ്പർ 1 ആവശ്യമാണ്.  

ആർക്കിടെക്ചർ , പ്ലാനിങ് ബിരുദകോഴ്‌സുകളിലെ പ്രവേശനത്തിന് യഥാക്രമം പേപ്പര്‍ 2A, പേപ്പര്‍ 2B പരീക്ഷകളാണുള്ളത്.

പേപ്പർ 2A യിൽ ഉൾപ്പെട്ടിരിക്കുന്ന ഡ്രോയിംഗ്‌ പരീക്ഷ ഒഴികെയുള്ള ജെഇഇ മെയിൻ പരീക്ഷകൾ കംപ്യുട്ടർ അധിഷ്ഠിത പരീക്ഷകളാണ്.

3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണിത്‌.

എക്സാം പാറ്റേൺ 

ജെ.ഇ.ഇ മെയിൻ എക്സാമിനു തയ്യാറെടുക്കുന്നവർ അതിൽ ഉൾപ്പെട്ടിരിക്കുന്ന  പേപ്പർ 1 , പേപ്പർ 2എ  , പേപ്പർ  2ബി   പരീക്ഷകളെ കുറിച്ച് വിശദമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

 1. പേപ്പര്‍ 1: ബി.ഇ/ബി.ടെക് 
 • ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയില്‍ ഓരോ വിഷയത്തില്‍ നിന്നുമുള്ള ചോദ്യങ്ങളെ സെക്ഷന്‍ A, സെക്ഷന്‍ B എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.
 • സെക്ഷന്‍ A യിലെ ചോദ്യങ്ങള്‍ക്ക് നാല് ഉത്തരങ്ങള്‍ വീതം ഉണ്ടായിരിക്കും അതില്‍ നിന്നും ശരിയുത്തരം തിരഞ്ഞെടുത്താല്‍ മതിയാകും (MCQs). സെക്ഷന്‍ B യിലെ ചോദ്യങ്ങളുടെ ഉത്തരം ഒരു സംഖ്യയായിരിക്കും, അത് കണ്ടെത്തി പൂരിപ്പിക്കെണ്ടാതാണ്.
 • സെക്ഷന്‍ A യില്‍ 20 ചോദ്യങ്ങള്‍, എല്ലാം അറ്റന്റ് ചെയ്യേണ്ടതാണ്. ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് വീതം ലഭിക്കുകയും തെറ്റുത്തരങ്ങള്‍ക്ക് ഒരു മാര്‍ക്ക് വീതം നഷ്ടമാകുകയും ചെയ്യും.
 • സെക്ഷന്‍ B യില്‍ 10 ചോദ്യങ്ങള്‍, ഇതില്‍ 5 എണ്ണത്തിനു മാത്രം ഉത്തരം നല്‍കിയാല്‍ മതി. ശരിയുതരത്തിന് 4 മാര്‍ക്ക് ലഭിക്കും, തെറ്റുത്തരങ്ങള്‍ക്ക് മാര്‍ക്ക് നഷ്ടമാകുന്നില്ല.
 • ഓരോ വിഷയത്തില്‍ നിന്നും 30 ചോദ്യങ്ങള്‍ വീതം ആകെ 90 ചോദ്യങ്ങള്‍. ഇതില്‍ 25 ചോദ്യങ്ങള്‍ വീതം ആകെ 75 ചോദ്യങ്ങള്‍ക്കു മാത്രമാണ് ഓരോ വിദ്യാര്‍ത്ഥിയും ഉത്തരം നല്‍കേണ്ടത്.
 • പേപ്പര്‍ 1 ല്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങള്‍, അവയില്‍ നിന്നുമുള്ള ചോദ്യങ്ങളുടെ എണ്ണം, മാര്‍ക്ക് വിതരണം എന്നിവ താഴെ (Table-2) കൊടുത്തിരിക്കുന്നു.

Table-2: ജെഇഇ മെയിന്‍ പേപ്പര്‍ 1 എക്സാം പാറ്റേൺ

വിഷയങ്ങള്‍ സെക്ഷന്‍ Aസെക്ഷന്‍ B മാര്‍ക്ക്
ഗണിതം2010100
ഭൗതികശാസ്ത്രം2010100
രസതന്ത്രം2010100
ആകെ 90300

Related Link

Best Books for JEE Mains: Physics, Chemistry & Mathematics

പേപ്പര്‍ 2A: ബി ആര്‍ക്

 • പേപ്പര്‍ 2A യില്‍  I, II, III എന്നിങ്ങനെ മൂന്ന്‍ പാര്‍ട്ടുകളാണ് ഉള്ളത്.
 • ജെ ഇ ഇ മെയിന്‍ പേപ്പര്‍ I നു സമാനമായാണ് പാര്‍ട്ട്‌ I എക്സാം നടക്കുന്നത്. ഇതില്‍ ഗണിതത്തില്‍ നിന്നും 20 MCQ ചോദ്യങ്ങളും 10 സംഖ്യാ മൂല്യമുള്ള ചോദ്യങ്ങളുമാണ്‌ ഉണ്ടാകുക. 20 എണ്ണത്തില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും, 10 എണ്ണത്തില്‍ 5 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം.
 • പാര്‍ട്ട്‌ II ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ ആണ്. ഇതില്‍ 50 MCQs, എല്ലാം അറ്റന്റ് ചെയ്യേണ്ടതാണ്.
 • പാര്‍ട്ട്‌ III ഡ്രോയിംഗ് ടെസ്റ്റ്‌ ആണ്. ഇതില്‍ രണ്ടു ചോദ്യങ്ങളാണ് ഉണ്ടാകുക. ഈ പരീക്ഷ പേപ്പറും പേനയും ഉപയോഗിച്ചാണ് നടത്തുന്നത്. 
 • പേപ്പര്‍ I&II ല്‍ വരുന്ന MCQ ചോദ്യങ്ങളിലെ ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് വീതം ലഭിക്കുകയും തെറ്റുത്തരങ്ങള്‍ക്ക് ഒരു മാര്‍ക്ക് വീതം നഷ്ടമാവുകയും ചെയ്യും. സംഖ്യാ മൂല്യം വരുന്ന ചോദ്യങ്ങളില്‍ ശരിയുത്തരത്ത്തിനു 4 മാര്‍ക്ക്‌ ലഭിക്കും, നെഗറ്റീവ് മാര്‍ക്ക്‌ ഉണ്ടാകില്ല. കൂടാതെ മേല്‍പറഞ്ഞ രണ്ടു തരത്തിലുള്ള ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാത്ത സാഹചര്യത്തില്‍ നെഗറ്റീവ് മാര്‍ക്ക്‌ ഉണ്ടായിരിക്കുന്നതല്ല.
 • പാര്‍ട്ട്‌ III ഡ്രോയിംഗ് ടെസ്റ്റില്‍ 100 മാര്‍ക്ക്‌ നേടാന്‍ കഴിയുന്ന രണ്ടു ചോദ്യങ്ങളാണ് ഉണ്ടാകുക.
 • പേപ്പര്‍ 2 ല്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങള്‍, അവയില്‍ നിന്നുമുള്ള ചോദ്യങ്ങളുടെ എണ്ണം, മാര്‍ക്ക് വിതരണം എന്നിവ താഴെ (Table-3) കൊടുത്തിരിക്കുന്നു.

Table-3: ജെഇഇ മെയിന്‍ പേപ്പര്‍ 2A എക്സാം പാറ്റേൺ

വിഷയം ചോദ്യങ്ങളുടെ എണ്ണംമാര്‍ക്ക്‌
സെക്ഷന്‍ Aസെക്ഷന്‍ B
ഗണിതം(പാര്‍ട്ട്‌I) 2010100
ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ (പാര്‍ട്ട്‌II)50200
ഡ്രോയിംഗ്ടെസ്റ്റ്‌ (പാര്‍ട്ട്‌III)02100
ആകെ82400
 1. പേപ്പര്‍ 2B: ബി പ്ലാനിംഗ്
 • പേപ്പര്‍ 2A യിലെ പാര്‍ട്ട്‌ I(ഗണിതം) നു സമാനമായ പരീക്ഷ തന്നെയാണ് പാര്‍ട്ട്‌ 2B യിലെ പാര്‍ട്ട്‌ I (ഗണിതം) ലും നടക്കുന്നത്.
 • പാര്‍ട്ട്‌ II ആപ്റ്റിട്യൂഡ് ടെസ്റ്റ്‌- ഇതില്‍ 50 MCQs ചോദ്യങ്ങള്‍, എല്ലാം അറ്റന്റ് ചെയ്യേണ്ടതാണ്.
 • പാര്‍ട്ട്‌ III – പ്ലാനിംഗ് അടിസ്ഥാനമാക്കിയുള്ള MCQs, ഇതില്‍ 25 ചോദ്യങ്ങളാണുണ്ടാകുക.
 • പേപ്പര്‍ I, II ഇവയ്ക്കു സമാനമായ മാര്‍ക്ക് വിതരണം തന്നെയാണ് പേപ്പര്‍ III യിലും ഉണ്ടാകുക.
 • പേപ്പര്‍ III യില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങള്‍, അവയില്‍ നിന്നുമുള്ള ചോദ്യങ്ങളുടെ എണ്ണം, മാര്‍ക്ക് വിതരണം എന്നിവ താഴെ (Table-4) കൊടുത്തിരിക്കുന്നു.

Table-4: ജെഇഇ മെയിന്‍ പേപ്പര്‍ 2B എക്സാം പാറ്റേൺ 

വിഷയം ചോദ്യങ്ങളുടെ എണ്ണംമാര്‍ക്ക്‌
സെക്ഷന്‍ Aസെക്ഷന്‍ B
ഗണിതം(പാര്‍ട്ട്‌I) 2010100
ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ (പാര്‍ട്ട്‌II)50200
പ്ലാനിംഗ് അടിസ്ഥാനമാക്കിയുള്ള MCQs (പാര്‍ട്ട്‌ III)25100
ആകെ105400
വിഷയം ചോദ്യങ്ങളുടെ എണ്ണംമാര്‍ക്ക്‌
സെക്ഷന്‍ Aസെക്ഷന്‍ B
ഗണിതം(പാര്‍ട്ട്‌I) 2010100
ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ (പാര്‍ട്ട്‌II)50200
പ്ലാനിംഗ് അടിസ്ഥാനമാക്കിയുള്ള MCQs (പാര്‍ട്ട്‌ III)25100
ആകെ105400

സംവരണം

കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സീറ്റ് സംവരണം.

1) 15% – എസ് സി  

2)  7.5% – എസ് ടി.

3)  27% – സെന്‍ട്രല്‍ ഗവണ്മെന്റ് ലിസ്റ് പ്രകാരമുള്ള ഒബിസി, നോണ്‍ ക്രീമി  ലെയര്‍ (NCL) വിഭാഗം.

4)  10% – മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ജനറല്‍-EWS) 

5)  ഓരോ വിഭാഗത്തിലും 5% സീറ്റുകള്‍ വികലാംഗര്‍ക്കായി (PwD) നീക്കിവെച്ചിരിക്കുന്നു. 40% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വൈകല്യമുള്ളവരെയാണ് ഈ സീറ്റുകളിലെക്ക് പരിഗണിക്കുന്നത്.

ജെ ഇ ഇ അഡ്വാന്‍സ്ഡ്

ഇന്ത്യയിലെ ഐ ഐ ടി കളിലേക്കുള്ള പ്രവേശനത്തിനായി ഓരോ വർഷവും നടത്തുന്ന പരീക്ഷയാണ് ജെ.ഇ.ഇ അഡ്വാൻസ്ഡ്. ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡ് (JAB) യുടെ നിര്‍ദ്ദേശപ്രകാരം ഏഴ് പഴയ ഐ ഐ ടികളില്‍ (റൂർഖി, ഖരക്പൂർ , ഡൽഹി, കാൺപൂർ, , ബോംബെ, മദ്രാസ്, ഗുവാഹത്തി) ഓരോ വര്‍ഷവും ഓരോ ഐഐടി എന്ന ക്രമത്തിലാണ്‌ പരീക്ഷ നടത്തിപ്പിന്റെ ചുമതല നിര്‍വ്വഹിക്കുന്നത്. 2021 ല്‍ IIT ഖരക്പൂര്‍, 2022 ല്‍ IIT ബോംബെ എന്നീ സ്ഥാപനങ്ങളാണ് നേതൃത്വം നല്‍കിയത്. 

IIT കളെ കൂടാതെ IISER, IIPE, RGIPT, IIST, IISc തുടങ്ങിയ ചില സ്ഥാപനങ്ങൾ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ലഭിച്ച മാർക്ക് പ്രവേശനത്തിനു പരിഗണിക്കാറുണ്ട്.

കേംബ്രിഡ്ജ് , സിംഗപ്പൂർ തുടങ്ങിയ  വിദേശ സർവ്വകലാശാലകളിലേക്കുള്ള ഇന്ത്യൻ അപേക്ഷകരുടെ അടിസ്‌ഥാന യോഗ്യതയായും  ജെ.ഇ.ഇ അഡ്വാൻസ്ഡ് പരിഗണിക്കുന്നുണ്ട്.

യോഗ്യത 

 • ജെ.ഇ.ഇ മെയിന്‍സ് എക്സാം എഴുതുന്നവരിൽ നിന്നും ഉയർന്ന റാങ്കിൽ എത്തുന്ന ഏകദേശം 2 .5 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക്കാണ് ഈ പരീക്ഷ എഴുതാൻ സാധിക്കുക.
 • ഐ ഐ ടി യിൽ ബി ആർക് കോഴ്‌സിന് ചേരാൻ ആഗ്രഹിക്കുന്നവർ ആർക്കിടെക്ചർ ആപ്റ്റിട്യൂട് ടെസ്റ്റ് (AAT) പാസ്സാകേണ്ടതാണ്.
 • ജനറൽ വിഭാഗത്തിന്റെ പ്രായപരിധി  25 വയസ്സ്. SC, ST, PwD വിഭാഗങ്ങൾക്ക് 5 വർഷത്തെ ഇളവുണ്ട്.
 • വിദ്യാർത്ഥികൾക്ക് തുടർച്ചയായ രണ്ടു വർഷങ്ങളിൽ പരമാവധി രണ്ടു തവണ പങ്കെടുക്കാം.
 • അപേക്ഷാർത്ഥികൾ മുൻപ് ഒരു ഐ ഐ ടി യിലും പ്രവേശനം സ്വീകരിച്ചിരിക്കരുത്.

സിലബസ് & എക്സാം പാറ്റേൺ

 • ഫിസിക്സ് ,കെമിസ്ട്രി, മാത്‍സ് വിഷയങ്ങൾ ഉൾപ്പെടുന്ന പരീക്ഷയാണ്.
 • കമ്പ്യൂട്ടർ അടിസ്‌ഥാനമാക്കിയാണ്‌  പരീക്ഷ നടത്തുന്നത്.
 • ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ചോദ്യങ്ങൾ ലഭ്യമാകും.
 • ഇതിൽ രണ്ടു പേപ്പറുകളാണുള്ളത് -പേപ്പർ 1 , പേപ്പർ 2 . രണ്ടു പേപ്പറുകളും നിർ ബ ന്ധമാണ്.
 • രണ്ടു പേപ്പറുകളിലും ഫിസിക്സ് , മാത്‍സ്, കെമിസ്ട്രി എന്നിങ്ങനെ 3 സെക്ഷനുകളുണ്ടാകും.
 • ഓരോ പേപ്പറിനും 3 മണിക്കൂർ വീതം സമയം അനുവദിച്ചിട്ടുണ്ട്. PwD വിഭാഗത്തിൽ പെടുന്നവർക്ക് 4 മണിക്കൂർ സമയം ലഭിക്കും.
 • MCQs, ഒന്നിലധികം ഉത്തരങ്ങൾ വരുന്നവ, മാച്ചിങ്, സംഖ്യാ മൂല്യം വരുന്നവ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ചോദ്യങ്ങളാണുണ്ടാവുക.
 • ഉത്തരങ്ങൾക്ക് മുഴുവൻ/ ഭാഗികം/ പൂജ്യം എന്നിങ്ങനെയാണ് മാർക്ക് ലഭിക്കുക. ചില ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.  
 • ഓരോ വർഷവും പരീക്ഷാരീതിയിൽ മാറ്റം വരുത്താറുണ്ട്.

അപേക്ഷാ ഫീസ്‌

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കായുള്ള അപേക്ഷാഫീസ് വിവരം താഴെ (Table 5) കൊടുത്തിരിക്കുന്നു.                                     

Table 5: ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാഫീസ് വിവരം 

Indian nationals including PIO/OCI
FemaleRs.1400
SC, ST, PwDRs.1400
All other candidatesRs.2800
Foreign nationals
Candidates from SAARC countriesUSD 75
Candidates from non-SAARC countriesUSD 150

സാങ്കേതിക സ്ഥാപനങ്ങളും സീറ്റുകളും

ജെ.ഇ.ഇ മെയിൻസ്, അഡ്വാൻസ്ഡ് പരീക്ഷകളിലെ റാങ്ക് ലിസ്റ്റിന്റെ അടിസ്‌ഥാനത്തിൽ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA ) യുടെ നേതൃത്വത്തിലാണ് അഡ്മിഷൻ നടത്തുന്നത്. രാജ്യത്തെ 114 സ്‌ഥാപനങ്ങളിലെ 51222 സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. സ്ഥാപനങ്ങളും സീറ്റുകളുടെ എണ്ണവും Table-6 ല്‍ കൊടുത്തിരിക്കുന്നു.

 Table-6: സ്ഥാപനങ്ങളും സീറ്റുകളും

സ്ഥാപനങ്ങള്‍ സീറ്റുകളുടെ എണ്ണം
23 IITs16053
31 NITs + IIEST(shibpur)23506 (ബി ടെക്+ബിആര്‍ക്+ബി പ്ലാനിംഗ്)  
26 IIITs5643 (ബി ടെക്)
33 GFTIs6020 (ബി ടെക്+ബിആര്‍ക്+ബി പ്ലാനിംഗ്)  
ആകെ 51222

ജീവിതത്തിലെ നിർണായകമായ തീരുമാനമെടുക്കേണ്ട സമയമാണ് പ്ലസ് വൺ പ്രവേശന കാലം. ഭാവി ജീവിതത്തെ മുന്നിൽ കണ്ടുകൊണ്ട് ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ടു പഠിച്ച് ഇഷ്ടമുള്ള ജോലി നേടുകയാവണം ലക്ഷ്യം. ഫിസിക്സ് ,കെമിസ്ട്രി, മാത്‍സ് തുടങ്ങിയ സയൻസ് വിഷയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ജോലിസാധ്യത ഏറെയാണ്. ഇതിൽ വളരെ പ്രാധാന്യമുള്ളവയാണ് എഞ്ചിനീയറിംഗ് കോഴ്‌സുകൾ. പ്ലസ് വൺ -പ്ലസ് ടു പഠനകാലത്ത് ഈ വിഷയങ്ങളിൽ നല്ലൊരു അടിത്തറയുണ്ടാക്കാൻ സാധിച്ചാൽ ജെഇഇ പോലെയുള്ള പരീക്ഷകളെ നിഷ്പ്രയാസം മറികടക്കാം. അതുവഴി ഒരു ഐഐടി യൻ  ആകാൻ സാധിച്ചാൽ ലോകത്തിന് ഒട്ടേറെ സംഭാവനകൾ നല്കാൻ നിങ്ങൾക്കും കഴിഞ്ഞേക്കും. കഴിവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ ഗൂഗിള്‍ സിഇഒ  ആയി തിരഞ്ഞെടുക്കപ്പെട്ട സുന്ദർ പിച്ചൈ, രഘുറാം രാജൻ (എക്കണോമിസ്റ് ,റിസർവ് ബാങ്ക് ഗവർണർ) തുടങ്ങിയ ഒട്ടനവധി ഐഐടി യന്‍സിനെ പോലെ നിങ്ങൾക്കും നല്ലൊരു പൊസിഷനിൽ എത്തിച്ചേരാന്‍ സാധിക്കും. 

Categories
Malayalam

NEET നിര്‍ബന്ധമായും അറിയേണ്ടതെല്ലാം

സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എല്ലാവരും കേള്‍ക്കുന്ന ചോദ്യം 

“വലുതാകുമ്പോള്‍ ആരാകണം”

കുഞ്ഞുകുട്ടികള്‍ക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വരാറില്ല. 

പല പല ഉത്തരങ്ങള്‍, പക്ഷെ അതില്‍ വലിയൊരു പങ്കും ഡോക്ടര്‍ ആയിരിക്കും. കാരണം നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരാളാണ് ഡോക്ടര്‍ എന്ന് ആ പ്രായത്തില്‍ തന്നെ അവര്‍ മനസ്സിലാക്കിയിരിക്കുന്നു.

ജനനം മുതല്‍ മരണം വരെ നമുക്ക് അവരുടെ സേവനം ആവശ്യമാണ്.  അതുകൊണ്ട് തന്നെ എല്ലാകാലവും ജോലിസാധ്യതയുള്ള മേഖലയെന്നനിലയില്‍ ഡോക്ടര്‍ എന്ന സ്വപ്നം കാണുന്നവരും കുറവല്ല.

കുഞ്ഞുനാളിലെ ആ സ്വപ്നം ഇപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നവരാണോ നിങ്ങള്‍?

ആതുര സേവന രംഗത്ത് ശോഭിക്കാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടോ?

എങ്കില്‍ തീര്‍ച്ചയായും നീറ്റ് (NEET) പരീക്ഷയെ കുറിച്ച് അറിഞ്ഞിരിക്കണം.

നീറ്റ് പരീക്ഷ എന്നാല്‍ എന്ത്?

ഇന്ത്യയില്‍, മെഡിക്കല്‍ ബിരുദ/ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശനം  നേടുന്നതിനുള്ള യോഗ്യതാ പരീക്ഷയാണ്‌ നീറ്റ് (National Eligibility cum Entrance Test).  ബിരുദ കോഴ്സുകളിലേക്ക് നീറ്റ്- യു.ജി, ബിരുദാനന്തര കോഴ്സുകളിലേക്ക് നീറ്റ് – പി.ജി. എന്നിങ്ങനെ രണ്ടു വ്യത്യസ്ത പരീക്ഷകളാണുള്ളത്.

നീറ്റ് – യു. ജി

ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സ്വപ്നസാക്ഷാത്കരത്തിലെക്കുള്ള ആദ്യ പടിയാണ് നീറ്റ് -യു.ജി എക്സാം. മെഡിക്കല്‍ (MBBS), ഡെന്റല്‍ (BDS), ആയുര്‍വ്വേദ (BAMS), യോഗ & പ്രകൃതി ചികിത്സ (BNYS), യുനാനി (BUMS), സിദ്ധ (BSMS), ഹോമിയോപ്പതി (BHMS) തുടങ്ങിയ എല്ലാ കോഴ്സുകള്‍ക്കും ഇതു ബാധകമാണ്.

നീറ്റ് – പ്രാധാന്യം

നീറ്റ് നിലവില്‍ വരുന്നതിനു മുന്‍പ്, CBSE നടത്തുന്ന ആള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റ്‌ (AIPMT), കൂടാതെ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷകള്‍, വിവിധ മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന പരീക്ഷകള്‍ എന്നിങ്ങനെ പലവിധ പരീക്ഷകളിലൂടെയാണ് MBBS, BDS മുതലായ കോഴ്സുകളിലേക്ക് പ്രവേശനം നടത്തിയിരുന്നത്.

2019 ല്‍ NMC Act (National Medical Commission Act) നിലവില്‍ വന്നതോടുകൂടി AIIMS, JIPMER ഉള്‍പ്പെടെ രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും (ഗവണ്‍മെന്‍റ് & പ്രൈവറ്റ്) നീറ്റ് നിര്‍ബന്ധമാക്കി.

JIPMER, അലൈഡ് ഹെല്‍ത്ത് സയന്‍സ്, രാജകുമാരി അമൃത്കൗര്‍ കോളേജ് ഓഫ് നഴ്സിംഗ് ന്യുഡല്‍ഹി, ബനാറസ് ഹിന്ദു സര്‍വ്വകലാശാല എന്നിവിടങ്ങളിലെ BSC നഴ്സിംഗ് പ്രവേശനവും നീറ്റ് അടിസ്ഥാനത്തിലാണ്.

മെഡിക്കല്‍ കോഴ്സുകള്‍ കൂടാതെ കേരളത്തിലെ മെഡിക്കല്‍ അലൈഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനും നീറ്റ് ഒരു പ്രധാന മാനദണ്ഡമാണ്.

2020 മുതല്‍ വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍, ഡെന്റല്‍ കോഴ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 50 പെര്‍സെന്റയില്‍ മാര്‍ക്ക് വാങ്ങി നീറ്റ് യോഗ്യത നേടിയിരിക്കണം. പരീക്ഷയെഴുതിയ ആകെ കുട്ടികളില്‍ 50% കുട്ടികള്‍ക്കും ലഭിക്കുന്ന മാര്‍ക്കിനേക്കാള്‍ കൂടുതല്‍ ലഭിക്കണമെന്നാണ് 50 പെര്‍സെന്റയില്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

എന്‍ ടി എ

2019 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റിനു കീഴിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ആണ് നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്. അപേക്ഷ ക്ഷണിക്കുന്നതും, ഫലം പ്രസിദ്ധീകരിക്കുന്നതും ഓരോ വിഭാഗത്തിലുമുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതും. NTA ആണ്.

യോഗ്യത

 • സയന്‍സ് (ഫിസിക്സ്‌ , കെമിസ്ട്രി , ബയോളജി), ഇംഗ്ലീഷ്‌ ഐശ്ചിക വിഷയമായി CBSE/ ICSE/ സ്റ്റേറ്റ് ബോര്‍ഡ്‌ നടത്തുന്ന പ്ലസ്‌ടു കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം. പ്ലസ്‌ടു ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
 • ഓപ്പണ്‍സ്കൂള്‍, പ്രൈവറ്റ് രീതികളില്‍ പ്ലസ്‌ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
 • ഓരോ വിഭാഗവും പ്ലസ്‌ടു പരീക്ഷയില്‍ ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി (PCB) വിഷയങ്ങളിലായി നിശ്ചിത ശതമാനം മാര്‍ക്ക്‌ നേടിയിരിക്കണം (Table-1)

ഓരോ വിഭാഗവും നേടിയിരിക്കേണ്ട മിനിമം മാര്‍ക്ക്.

Table 1:

വിഭാഗംപ്ലസ്‌ടു മാര്‍ക്ക് (%)         (P+C+B)
ജനറല്‍       50%
SC/ST/ മറ്റു പിന്നോക്ക വിഭാഗങ്ങള്‍       40%
ജനറല്‍ – വികലാംഗര്‍      45%
SC/ST/ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ – വികലാംഗര്‍      40%

പ്രായപരിധി

 • നീറ്റ് എക്സാം എഴുതുന്നതിനുള്ള കുറഞ്ഞ പ്രായം 17 വയസ്സാണ്.
 • ജനറല്‍, ജനറല്‍ EWS എന്നീ വിഭാഗങ്ങളുടെ പ്രായപരിധി 25 വയസ്സ്.
 • സംവരണ വിഭാഗങ്ങള്‍ക്ക് 30 വയസ്സുവരെ നീറ്റ് എഴുതാം.
 • ഈ പ്രായപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും നീറ്റ് പരീക്ഷ എഴുതാവുന്നതാണ്.

അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

 • ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ്‌ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
 • ഒരാള്‍ ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ.
 • ഇ-മെയില്‍, ഫോണ്‍നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. നീറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും NTA നിങ്ങളിലേക്കെത്തിക്കുന്നത് ഇതുവഴിയാണ്.
 • നിശ്ചിത സമയത്തിനുള്ളില്‍ തന്നെ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്.

അപേക്ഷാഫീസ്‌

ഓരോ വിഭാഗത്തില്‍ നിന്നും ഈടാക്കുന്ന ഫീസ്‌ വിവരം (NEET 2022 Application Fees)   പട്ടികയില്‍ (Table 2) കൊടുത്തിരിക്കുന്നു. 

Table 2:

വിഭാഗം      ഫീസ്‌
ജനറല്‍      Rs. 1500
ജനറല്‍ EWS, OBC-NCL      Rs. 1400
SC/ST/PWD/ട്രാന്‍സ് ജെന്‍ഡര്‍      Rs. 800
വിദേശികള്‍   Rs. 7500 

സീറ്റ് സംവരണം

സംസ്ഥാനങ്ങള്‍ക്കു കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലും കേന്ദ്ര സര്‍വ്വകലാശാല/സര്‍വ്വകലാശാല സ്ഥാപനങ്ങളിലും പ്രത്യേകമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

A. സ്റ്റേറ്റ് ഓണ്‍ട് മെഡിക്കല്‍ കോളേജുകള്‍

സ്റ്റേറ്റ് ഓണ്‍ട് മെഡിക്കല്‍ കോളേജുകളിലെ 15% സീറ്റുകള്‍ ഓള്‍ ഇന്ത്യാ ക്വാട്ടയിലും , അതു കഴിഞ്ഞു വരുന്ന 85% സീറ്റുകള്‍ സ്റ്റേറ്റ് ക്വാട്ടയിലും ഉള്‍പ്പെട്ടിരിക്കുന്നു.

 1. ഓള്‍ ഇന്ത്യാ ക്വാട്ട

15% വരുന്ന ഓള്‍ ഇന്ത്യ ക്വാട്ടയില്‍ 15%- SC, 7.5%-ST  സംവരണം അനുവദിച്ചിട്ടുണ്ട് (Table-3).

സംവരണ സീറ്റുകള്‍ കഴിഞ്ഞു വരുന്ന ഓപ്പണ്‍ മെരിറ്റ് സീറ്റുകളിലേക്ക് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതാണ്. നീറ്റ് യോഗ്യത നേടിയ എല്ലാവര്‍ക്കും (വിദേശികള്‍, OCI, NRIs, PIO ഉള്‍പ്പെടെ) ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.

15% ഓള്‍ ഇന്ത്യ ക്വാട്ടയിലെ സംവരണ സീറ്റുകള്‍

                     Table 3:

വിഭാഗംസംവണ സീറ്റുകള്‍     (%)
SC    15%
ST    7.5%
PWD horizontal reservation as per NMC norms.    5%
 1. സ്റ്റേറ്റ് ക്വാട്ട

മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളില്‍ 85% സീറ്റുകള്‍ അതതു സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ സ്ഥിരതാമസമുള്ള, നിശ്ചിത സംസ്ഥാനത്തെ പ്ലസ്‌ടു യോഗ്യതയുള്ളവര്‍ക്ക് ഇത് ലഭ്യമാകും.

കേരളത്തിൽ  85% സീറ്റുകളില്‍ നിന്നും SC, ST, OBC, EWS, PWD എന്നിവര്‍ക്കായി 50% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട് (Table-5).

 സ്റ്റേറ്റ് ക്വാട്ടയിലെ (കേരള) സീറ്റ് സംവരണം

                 Table 4:

വിഭാഗം സംവരണ സീറ്റുകള്‍        (%)
SC        8%
ജനറല്‍ -EWS        10%
ST        2%
മറ്റു പിന്നോക്ക വിഭാഗങ്ങള്‍        27%
വികലാംഗര്‍        3%

B. കേന്ദ്ര സര്‍വ്വകലാശാലകള്‍/നാഷണല്‍ ഇന്‍സ്റ്റിട്യുട്ടുകള്‍

കേന്ദ്ര സര്‍വ്വകലാശാലകളിലും നാഷണല്‍ ഇന്‍സ്റ്റിട്യുട്ടുകളിലും SC, ST ഇവയ്ക്കു പുറമേ OBC (സെന്‍ട്രല്‍ ഗവന്മേന്റിന്‍റെ OBC ലിസ്റ്റ് പ്രകാരം), EWS വിഭാഗങ്ങള്‍ക്കും സംവരണം ഉണ്ട് (Table-5). 

കേന്ദ്ര സര്‍വ്വകലാശാലകളിലെ സീറ്റ് സംവരണം

                     Table 5:

വിഭാഗംസംവണ സീറ്റുകള്‍     (%)
SC    15%
ST    7.5%
OBC-(NCL) as per the central OBC list.     27%
EWS – as per central government norms.    10%
PWD horizontal reservation as per NMC norms.    5%

സിലബസ് & എക്സാം പാറ്റേണ്‍

 • 11, 12 ക്ലാസ്സുകളിലെ ഫിസിക്സ്‌ , കെമിസ്ട്രി, ബയോളജി ( സുവോളജി & ബോട്ടണി) പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്.
 • 3 മണിക്കൂര്‍ (180 മിനുട്ട്) സമയം അനുവദിച്ചിട്ടുള്ള എഴുത്ത് പരീക്ഷയാണ്.
 • 2021 മുതല്‍ പരീക്ഷാരീതിയില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മുകളില്‍ പറഞ്ഞ നാലു വിഷയങ്ങളില്‍ ഓരോ വിഷയത്തില്‍ നിന്നും 50 ചോദ്യങ്ങള്‍ ഉണ്ടാകും. ആകെ 200 ചോദ്യങ്ങള്‍.
 • ഓരോ വിഷയത്തില്‍ നിന്നുള്ള ചോദ്യങ്ങളും സെക്ഷന്‍ A, സെക്ഷന്‍ B എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. സെക്ഷന്‍ A യില്‍ 35 ചോദ്യങ്ങളും, സെക്ഷന്‍ B യില്‍ 15 ചോദ്യങ്ങളുമാണ്‌ ഉണ്ടാവുക. സെക്ഷന്‍ A യില്‍ 35 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതാണ് എന്നാല്‍ സെക്ഷന്‍ B യില്‍ നിന്നും 10 ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കിയാല്‍ മതി (Table-6)
 • ഇങ്ങനെ ഓരോ വിഷയത്തില്‍ നിന്നും 45 (35 + 10) ചോദ്യങ്ങള്‍ വീതം നാലു വിഷയങ്ങളില്‍ നിന്നുമായി ആകെ 180 ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരം നല്‍കേണ്ടത്.
 • ഓരോ ചോദ്യത്തിനും നാല് ഉത്തരങ്ങള്‍ വീതം നല്‍കിയിരിക്കും, അതില്‍ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കേണ്ടതാണ്.
 • ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് ലഭിക്കും. ആകെ 720 മാര്‍ക്ക്. തെറ്റുത്തരങ്ങള്‍ക്ക് 1 മാര്‍ക്ക് വീതം നഷ്ടമാവുകയും ചെയ്യും.

എക്സാം പാറ്റെണ്‍

Table 6:

വിഷയംചോദ്യങ്ങള്‍ (സെക്ഷന്‍ A)ചോദ്യങ്ങള്‍ (സെക്ഷന്‍ B)ആകെ ചോദ്യങ്ങള്‍ (സെക്ഷന്‍ A + സെക്ഷന്‍ B)
ഫിസിക്സ്‌ 351535+10
കെമിസ്ട്രി351535+10
സുവോളജി351535+10
ബോട്ടണി 351535+10

ആകെ ചോദ്യങ്ങള്‍ = 180

ആകെ മാര്‍ക്ക്    = 720

ഭാഷകള്‍

ആദ്യ നീറ്റ് എക്സാം നടന്നത് ഇംഗ്ലീഷ്‌, ഹിന്ദി എന്നീ ഭാഷകളിലാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റു ചില പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി. ഇപ്പോള്‍ 13 ഭാഷകളില്‍ നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കും.

 1. ഹിന്ദി
 2. ഇംഗ്ലീഷ്‌
 3. ആസ്സാമീസ്
 4. ബംഗാളി
 5. ഗുജറാത്തി
 6. മറാത്തി
 7. ഒഡിയ
 8. തെലുങ്ക്
 9. തമിഴ്
 10. കന്നട
 11. ഉര്‍ദു
 12. പഞ്ചാബി
 13. മലയാളം

കട്ട് ഓഫ്‌ പെര്‍സെന്റയില്‍

 • നീറ്റ് പരീക്ഷയില്‍ മിനിമം കട്ട് ഓഫ്‌ മാര്‍ക്ക്‌ നേടിയവര്‍ക്ക് മാത്രമേ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‍റെ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ.
 • എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ കുറഞ്ഞത് 40 പെര്‍സെന്റയില്‍ മാര്‍ക്ക് നേടിയാല്‍ മാത്രമേ ഓള്‍ ഇന്ത്യാ ക്വാട്ട, സ്റ്റേറ്റ് ക്വാട്ട പ്രവേശനങ്ങള്‍ക്ക് പരിഗണിക്കുകയുള്ളൂ.
 • ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ 50 പെര്‍സെന്റയില്‍ മാര്‍ക്കും, ജനറല്‍ വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ 45 പെര്‍സെന്റയില്‍ മാര്‍ക്കും വാങ്ങി നീറ്റ് യോഗ്യത നേടേണ്ടതാണ്.
 • 1500000 കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍ അതില്‍ 7.5 ലക്ഷം കുട്ടികള്‍ നേടുന്ന മാര്‍ക്കിനേക്കള്‍ കൂടുതല്‍ വാങ്ങണം എന്നാണ് 50 പെര്‍സെന്റയില്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് ഓരോ വര്‍ഷവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. 

മിനിമം കട്ട് ഓഫ്‌ പെര്‍സെന്റയില്‍

Table 7:

വിഭാഗം കട്ട് ഓഫ്‌ പെര്‍സെന്റയില്‍2021 ലെ കട്ട് ഓഫ്‌ മാര്‍ക്ക് 2020 ലെ കട്ട് ഓഫ്‌ മാര്‍ക്ക്
ജനറല്‍ 50th720-138720-147
ഒ.ബി.സി40th137-108146-113
എസ്.സി40th137-108146-113
എസ്.ടി40th137-108146-113
UR/EWS&PH45th137-122146-129
OBC&PH40th121-108128-113
SC&PH40th121-108128-113
ST&PH40th121-108128-113

UR – Un reserved

EWS – Economically weaker section.

PH – Physically handicapped.

കേരളത്തിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ സീറ്റുകളുടെ എണ്ണം പരിശോധിക്കാം.

Table 8

കോഴ്സ്ഗവണ്മെന്റ്കോളേജുകള്‍ ആകെ സീറ്റുകള്‍ ഓള്‍ ഇന്ത്യാ ക്വാട്ട സ്റ്റേറ്റ് ക്വാട്ട 
MBBS 1015552301325
BDS 630043257

ഓരോ വര്‍ഷവും പതിനഞ്ചു ലക്ഷത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മത്സര പരീക്ഷയാണ്‌ നീറ്റ്. ഇന്ത്യയില്‍ നിലവില്‍  596 മെഡിക്കല്‍ കോളെജുകളിലായി 88120 MBBS സീറ്റുകളും, 27498 BDS സീറ്റുകളുമാണുള്ളത്. ഈ സീറ്റുകളിലേക്ക് ഓരോ വര്‍ഷവും കടുത്ത മത്സരമാണ്‌ നടക്കുന്നത്. 11th, 12th ക്ലാസ്സുകളില്‍ നിന്നും ആരംഭിക്കുന്ന പരിശീലനത്തിനു പുറമേ നിരന്തരമായ കഠിന പ്രയത്നവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും നല്ലൊരു റാങ്ക് നേടിയെടുക്കാം.

Categories
Malayalam

ഏകാഗ്രത വര്‍ധിപ്പിക്കാനും നീറ്റ് പരീക്ഷാഭീതി ഒഴിവാക്കാനും 9 എളുപ്പവഴികള്‍

മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്കുള്ള ആദ്യ ചുവടാണ് നീറ്റ് പരീക്ഷ. ഉയര്‍ന്ന മാര്‍ക്കോടെ പാസ്സാവുക എന്ന സ്വപ്നമാണ് ഓരോ നീറ്റ് പരീക്ഷാര്‍ത്ഥിക്കുമുള്ളത്. നിങ്ങള്‍ ഏറ്റവും മികച്ച കോച്ചിങ് സെന്‍റെറുകളില്‍ പരിശീലനം നേടുന്നതിനും, കഠിന പരിശീലനം നടത്തുന്നതിനുമെല്ലാം പിന്നില്‍ ഒരേയൊരു ലക്ഷ്യമേയുള്ളു, നീറ്റ് പരീക്ഷയില്‍ അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കണം.

എത്രയൊക്കെ ആത്മാര്‍ത്ഥമായി പരിശീലനം നടത്തിയെന്നാലും പരീക്ഷ പടിവാതിലില്‍എത്തുമ്പോള്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാകുകയും തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുകയും ചെയ്യാറുണ്ട്. സമ്മര്‍ദ്ദം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നമുക്ക് അറിയാം. 

ആരോഗ്യസ്ഥിതി മോശമായ ഒരു വ്യക്തിക്ക് ഒരിക്കലും ഏകാഗ്രതയോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാനോ പരീക്ഷയെ നേരിടാനോ കഴിയില്ല.

നീറ്റ് എന്ന വന്‍മതില്‍ മറികടന്ന് രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നില്‍ പ്രവേശനം നേടുക എന്ന ലക്ഷ്യം സ്വായത്തമാക്കുന്നതിന് നിങ്ങള്‍ക്ക് കൃത്യമായ ദിനചര്യ അത്യാവശ്യമാണ്. 

അതുകൊണ്ട് മാത്രമായില്ല, പരീക്ഷയോട് അടുക്കുന്തോറും അതിതീവ്രമായ സമ്മര്‍ദ്ദമാണ് നിങ്ങള്‍ നേരിടേണ്ടി വരുന്നത്. 

പരീക്ഷാസമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ലളിതമായ ചില മാര്‍ഗ്ഗങ്ങളാണ് ഞങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. 

നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിക്കുന്ന എളുപ്പമാര്‍ഗ്ഗങ്ങള്‍ (NEET Last Minute Tips) നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.

നീറ്റ് പരീക്ഷയ്ക്കുള്ള നുറുങ്ങുകള്‍:

സമ്മര്‍ദ്ദത്തെ അതിജീവിച്ച് നീറ്റിനായി ഒരുങ്ങാം

മാനസികമായ ഒരുക്കമാണ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രഥമവും പ്രധാനവുമായ കാര്യം. നിയതമായ ഒരു ദിനചര്യ ഉണ്ടാക്കുകയും അതിനനുസൃതമായി പഠിക്കുകയും വേണം. ഉപദേശങ്ങളുടെപെരുമഴയില്‍പ്പെട്ട് ലക്ഷ്യബോധം നഷ്ടപ്പെടുത്തരുത്. നീറ്റ് പരീക്ഷയ്ക്ക് ഒരുങ്ങുമ്പോള്‍, ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാനും

സമ്മര്‍ദ്ദത്തെ മനസിന്‍റെ  മതില്‍ക്കെട്ടിന് പുറത്ത് നിര്‍ത്താനും ഉതകുന്ന സരളമായ ചില മാര്‍ഗ്ഗങ്ങളാണ് ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ നേട്ടം കൊയ്യാന്‍ ഈ നീറ്റ് പൊടിക്കൈകള്‍ നിങ്ങളെ നിശ്ചയമായും സഹായിക്കും. എന്തൊക്കെയാണ് ആ നുറുങ്ങുകളെന്ന് നോക്കാം.

ഉറക്കത്തിന്റെ കാര്യത്തില്‍ ഒരൊത്തുതീര്‍പ്പും വേണ്ട

ശരീരത്തിന്‍റെ  സന്തുലിതമായ പ്രവര്‍ത്തനത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. പ്രതിദിനം 6 മുതല്‍ 7 മണിക്കൂര്‍ വരെ ഉറങ്ങുന്നത് നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും. ശരീരവും മനസും സജീവമാക്കുന്നതിന്  ശരിയായ വിശ്രമം അവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ പല നീറ്റ് പരീക്ഷാര്‍ത്ഥികളും അതിപ്രധാനമായ ഇക്കാര്യത്തെ അവഗണിക്കാറാണ് പതിവ്. അവര്‍ ഉറക്കം പരിമിതമാക്കുന്നു, തല്‍ഫലമായി പഠനം താറുമാറാകുകയും  സമ്മര്‍ദ്ദം കുന്നുകൂടുകയും ചെയ്യും. അതുകൊണ്ട്  നന്നായി പഠിക്കാനും പഠിച്ചകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ദിവസവും നല്ല ഉറക്കം ഉറപ്പാക്കുക.

ജങ്ക് ഫൂഡിനെ പുറത്ത് നിര്‍ത്തി, പോഷകങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

പല നീറ്റ് പരീക്ഷാര്‍ത്ഥികള്‍ക്കും അറിയാത്ത കാര്യമാണ് ജങ്ക്ഫുഡ്‌ നമ്മുടെ മൂഡിനെ പ്രതികൂലമായി ബാധിക്കും എന്നത്. കഴിയുന്നതും ജങ്ക്ഫുഡ്‌ ഒഴിവാക്കി വീട്ടില്‍ പാകം ചെയ്ത പോഷകസമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രമിക്കണം. അനുദിന ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് നിങ്ങളെ ഊര്‍ജ്ജസ്വലരും ഏകാഗ്രതയുള്ളവരുമാക്കി മാറ്റും.

അത്യാന്താപേക്ഷിതമാണ് പ്രതിദിന പാഠ്യപദ്ധതി

നിയതമായ ഒരു ദിനചര്യയുണ്ടായിരിക്കുന്നതും അതില്‍ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്നതും പഠനത്തില്‍ സ്ഥിരത കൈവരിക്കുന്നതിന് ഉതകും. നിങ്ങളുടെ മനസിന് എന്ത് ചെയ്യണം എന്ന് കൃത്യമായ നിര്‍ദേശം നല്‍കുന്നതിന് ഈ ആസൂത്രണം സജ്ജരാക്കും. മികച്ച ആസൂത്രണത്തോട് കൂടിയ ഒരു പാഠ്യക്രനിയതമായ ഒരു ദിനചര്യയുണ്ടായിരിക്കുന്നതും അതില്‍ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്നതും പഠനത്തില്‍ സ്ഥിരത കൈവരിക്കുന്നതിന് ഉതകും. നിങ്ങളുടെ മനസ്സിന് എന്ത് ചെയ്യണം എന്ന് കൃത്യമായ നിര്‍ദേശം നല്‍കുന്നതിന് ഈ ആസൂത്രണം സജ്ജമാക്കും. മികച്ച ആസൂത്രണത്തോട് കൂടിയ ഒരു പാഠ്യക്രമം മാനസികസമ്മര്‍ദ്ദത്തെ പടിക്ക് പുറത്താക്കുകയും ഏകാഗ്രചിത്തരാക്കുകയും ചെയ്യും. ഒരു പാഠ്യക്രമം തയ്യാറാക്കി അത് നിങ്ങളുടെ പഠനമേശയ്ക്ക് എതിരെയുള്ള ചുവരില്‍ ഒട്ടിച്ചുവയ്ക്കുക, അത് പിന്‍തുടരുക.

പുനരവലോകനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക

അത്യന്താപേക്ഷിതമാണെങ്കില്‍ മാത്രമേ പുതിയ പാഠഭാഗങ്ങളിലേക്ക് കടക്കാവൂ. നിങ്ങളുടെ പ്രഥമ പരിഗണന പഠിച്ച കാര്യങ്ങള്‍ നന്നായി മനസിലാക്കുന്നതിലും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിലുമായിരിക്കണം. പാഠഭാഗങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിനും വിഷയങ്ങളില്‍ മികവ് കൈവരിക്കുന്നതിനും റിവിഷന്‍ സഹായിക്കുമെന്ന് സംശയലേശമന്യേ പറയാം.

പഠനസമാഗ്രികള്‍ യാഥക്രമം സൂക്ഷിക്കുക

പഠനാവശ്യത്തിനുള്ള വസ്തുക്കളെല്ലാം ഒരേ സ്ഥലത്ത് ചിട്ടയോടെ സൂക്ഷിക്കുക. റിവിഷന്‍ നടത്തുന്നതിന് ആവശ്യമായ ബുക്കുകള്‍ മാത്രമേ പഠനമേശയില്‍ സൂക്ഷിക്കേണ്ടതുള്ളു. ഇപ്രകാരം ചെയ്യുന്നത് ആശയക്കുഴപ്പം ഒഴിവാക്കും. മാത്രമല്ല, ഏത് പുസ്തകമാണ് അതാത് ദിവസം പഠിക്കേണ്ടതെന്ന് അനായാസം തെരഞ്ഞെടുക്കാനും കഴിയും.

സൂത്രവാക്യങ്ങള്‍ക്കും പട്ടികകള്‍ക്കും ചാര്‍ട്ട് തയ്യാറാക്കാം

അത്യാവശ്യമുള്ള സൂത്രവാക്യങ്ങളും പട്ടികകളും ചാര്‍ട്ടുകളില്‍ പകര്‍ത്തുന്നത് അവ ഹൃദിസ്ഥമാക്കുന്നതിന് ഉപകാരപ്പെടും. ഇത്തരത്തില്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കി പഠനമുറിയുടെ ചുവരുകളില്‍ പതിക്കാന്‍ മറക്കല്ലേ. നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ആശയങ്ങളെ നിങ്ങളുടെ മനസ്സില്‍ ഒരിക്കലും മായാതെ ആലേഖനം ചെയ്യാന്‍ ഈ വിദ്യ സഹായിക്കും.

മോക് ടെസ്റ്റുകള്‍ ശീലമാക്കാം.

കഴിയുന്നത്രയും തവണ മാതൃകാ ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം എഴുതി പരിശീലിക്കുക. കഴിയുന്നത്രയും തവണ മാതൃകാ ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം എഴുതി പരിശീലിക്കുക. പരീക്ഷയ്ക്ക് ഉത്തരമെഴുതുമ്പോള്‍ നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഈ മോക് ടെസ്റ്റുകള്‍ സഹായിക്കും. ചോദ്യപേപ്പറുകള്‍ക്ക് ഉത്തരമെഴുതുമ്പോള്‍ ഒരു സ്റ്റോപ് വാച്ച് കരുതണം. മാതൃകാചോദ്യപേപ്പറുകള്‍ക്ക് ഉത്തരമെഴുതി പരിശീലിക്കുമ്പോള്‍ നിശ്ചിതസമയത്തിനുള്ളില്‍ അവ പൂര്‍ത്തിയാക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്.

പരീക്ഷഹാളിലേക്ക് പോകും മുന്‍പ് വേണം ഒരു ചെക് ലിസ്റ്റ്

നല്‍കപ്പെട്ടിരിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും സസൂക്ഷ്മം വായിച്ച്, പരീക്ഷാഹാളില്‍ പ്രവേശിക്കുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വസ്തുക്കള്‍ എടുത്തുവയ്ക്കണം. കയ്യില്‍ കരുതേണ്ട വസ്തുക്കളുടെ ഒരു പട്ടിക തയ്യാറാക്കി, നിബന്ധനകളില്‍ പറഞ്ഞിരിക്കുന്നവയെല്ലാം കാലേക്കൂട്ടി ബാഗില്‍ സൂക്ഷിക്കണം.

ധ്യാനം ദിനചര്യയുടെ ഭാഗമാക്കാം

ദിവസേന ഏതാനും മിനുട്ടുകള്‍ മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുക. ധ്യാനം ചെയ്യുന്നത് മനസ്സിനെ ഏകാഗ്രമാക്കുന്നതിനും സ്വാസ്ഥ്യം കൈവരിക്കുന്നതിനും സഹായിക്കും. ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിന് സ്വസ്ഥമായ മനസ് അത്യാവശ്യമാണ്.

സംശയങ്ങള്‍ക്കുള്ള മറുപടി (FAQ)

നീറ്റ് പരീക്ഷയ്ക്കായി നിങ്ങള്‍ എപ്രകാരം തയ്യാറെടുക്കണം?

ഫിസിക്സ്‌:   സൂത്രവാക്യങ്ങള്‍ മനഃപാഠമാക്കുക. ഫോര്‍മുലകള്‍ക്കായി ചാര്‍ട്ട് തയ്യാറാക്കുക. ഊര്‍ജ്ജതന്ത്രത്തിലെ ഈ സൂത്രവാക്യങ്ങള്‍ ഒട്ടുമിക്ക ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ നിങ്ങളെ സജ്ജരാക്കും. പ്രധാന വിഷയങ്ങളായ ഇലക്ട്രിക്സിറ്റി, ഒപ്റ്റിക്സ്, ഇലക്ട്രോസ്റ്റാറ്റിക്സ്, തെര്‍മോഡൈനാമിക്സ്, മാഗ്നെറ്റിസം, വേവ്സ് ആന്‍ഡ് സൗണ്ട്, ആധുനിക ഫിസിക്സിലെ അറ്റോമിക് സ്ട്രക്ചര്‍, ചലനനിയമങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുക.

കെമിസ്ട്രി: രസകരമാക്കാം രസതന്ത്ര പഠനം. പ്രാഥമികമായി രസതന്ത്രത്തിന്‍റെ  അടിസ്ഥാനതത്വങ്ങള്‍ മനസിലാക്കുക, തുടര്‍ന്ന് ചോദ്യോത്തരങ്ങള്‍ പരിശീലിക്കുക. ഇനോര്‍ഗാനിക്, ഓര്‍ഗാനിക് കെമിസ്ട്രിയിലെ സൂത്രവാക്യങ്ങള്‍ക്കായി പ്രത്യേകം ചാര്‍ട്ടുകള്‍ തയ്യാറാക്കണം. ഓരോ സൂത്രവാക്യവും മനഃപാഠമാക്കണം.

ബയോളജി: നീറ്റിനായി ബയോളജി പഠിക്കുന്നതിന് അവസാനനിമിഷത്തേക്കുള്ള ചില നുറുങ്ങുകള്‍ പങ്കുവയ്ക്കാം. ഫിസിക്സിനും കെമിസ്ട്രിക്കും ഉപയോഗിച്ച അതേ പഠനരീതി തന്നെയാണ് ബയോളജിക്കും നിങ്ങള്‍ പിന്തുടരേണ്ടത്. സുപ്രധാന വിവരങ്ങള്‍ ചാര്‍ട്ടുകളില്‍ രേഖപ്പെടുത്തണം. എല്ലാ ശാസ്ത്രജ്ഞരുടേയും കണ്ടുപിടുത്തങ്ങള്‍ ഫ്ലോചാര്‍ട്ട് ആയി രേഖപ്പെടുത്തുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്യാം.

എന്തെല്ലാം തയ്യാറെടുപ്പുകളാണ് നീറ്റ് പരീക്ഷയ്ക്ക് ഒരു ദിവസം മുന്‍പ് നടത്തേണ്ടത്?

നീറ്റ് പരീക്ഷയുടെ തലേദിവസം, ഏറ്റവും മികച്ച രീതിയില്‍ നിങ്ങള്‍ പരീക്ഷയ്ക്ക് ഒരുങ്ങിയിട്ടുണ്ടെന്ന് സ്വയം പറയുക. ഇത്തരത്തിലെ ഒരു സ്വയം വാഗ്ദാനം അതീവ ആശ്വാസകരമായിരിക്കും. പ്രധാനപ്പെട്ട വിഷയങ്ങളും ആശയങ്ങളും ഒരിക്കല്‍ കൂടി അവലോകനം ചെയ്യണം. പഠനാവശ്യത്തിനായി നിങ്ങളുണ്ടാക്കിയ ചാര്‍ട്ടുകളിലൂടെയും ഡയഗ്രങ്ങളിലൂടെയും ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നതും നല്ലതാണ്. ധാരാളം വെള്ളം കുടിക്കുകയും വീട്ടില്‍ പാകം ചെയ്ത പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കുകയും ചെയ്യണം. ഉത്കണഠയുണ്ടെങ്കില്‍ അല്‍പ സമയം ധ്യാനിക്കുക. രാത്രിയില്‍ സുഖമായി ഉറങ്ങുക.

പതിനഞ്ച് ദിവസത്തെ പരിശീലനം കൊണ്ട് നീറ്റിനെ കൈപ്പിടിയില്‍ ഒതുക്കാനാകുമോ?

പതിനഞ്ച് ദിവസത്തെ പരിശീലനത്തിലൂടെ നീറ്റ് പരീക്ഷയെ കൈപ്പിടിയില്‍ ഒതുക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിക്കനുസരിച്ച് ചിട്ടയായി പരിശീലക്കേണ്ടതുണ്ട്. രണ്ട് സുപ്രധാനകാര്യങ്ങളിലാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, നന്നായി റിവിഷന്‍ ചെയ്യുക അതോടൊപ്പം മികച്ച സ്ട്രാറ്റജി രൂപപ്പെടുത്തുക. സുഖനിദ്രയിലും പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിലും വിട്ടുവീഴ്ച അരുത്. ഒരു കാരണവശാലും നിങ്ങള്‍ ആസൂത്രണം ചെയ്ത പാഠ്യക്രമത്തില്‍ നിന്നും വ്യതിചലിക്കരുത്. പ്രധാനപ്പെട്ട ആശയങ്ങള്‍ ഹൃദ്യസ്ഥമാക്കുക. റിവിഷന്‍ നടത്തുകയും ടൈമറിന്റെ സഹായത്തോടെ മോക് ടെസ്റ്റുകള്‍ നടത്തുകയും ചെയ്യണം.

നീറ്റ് പരീക്ഷ വിജയിക്കാന്‍ എന്തെങ്കിലും എളുപ്പവഴികളുണ്ടോ?

ലക്ഷ്യബോധത്തോടെയുള്ള പഠനം മാത്രമാണ് നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടാനുള്ള ഏകമാര്‍ഗം. ദിനചര്യകളും ചാര്‍ട്ടുകളും തയ്യാറാക്കി പരിശീലിക്കുന്ന നയം പിന്തുടരുക. സിലബസിനെക്കുറിച്ചും നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഭാഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള അവബോധം ഉണ്ടായിരിക്കണം. റിവിഷന്‍ നടത്തുന്നതിലെ സ്ഥിരതയും നിരന്തരമായ ചോദ്യപേപ്പര്‍ പരിശീലനവും നിങ്ങള്‍ക്ക് വളരെയധികം സഹായകരമാകും. അവസാനമായി, ആറ് മുതല്‍ ഏഴു മണിക്കൂര്‍ വരെ ഉറങ്ങുകയും നല്ല ഭക്ഷണക്രമം ശീലിക്കുകയും വേണം.

Categories
Malayalam

നീറ്റ് പരീക്ഷയുടെ 5 പ്രധാനപ്പെട്ട ഗുണങ്ങൾ

നീറ്റ് എന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ മെഡിക്കൽ കോളേജുകളിലും എം.ബി.ബി.സ്, ബി.ഡി.എസ്, ബി.യു.എം.എസ്,ബി.എ.എം.എസ് തുടങ്ങിയ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഒരു യോഗ്യതാ പരീക്ഷയാണ്. രജിസ്ട്രേഷൻ മുതൽ പരീക്ഷ നടത്തി ഫലം പുറത്തു വിടുന്നത് വരെയുള്ള നീറ്റ് പരീക്ഷയുടെ പൂർണമായുംചുമതല  നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന സ്വതന്ത്ര സ്ഥാപനത്തിനാണ്.

എന്ത് കൊണ്ടാണ് നീറ്റിന് വളരെയധികം പ്രാധാന്യം ലഭിക്കുന്നതെന്നു ഒരു പക്ഷെ നിങ്ങൾ സംശയിച്ചേക്കാം. രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ മെഡിക്കൽ കോളേജുകളിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഏകീകൃത യോഗ്യതാ പരീക്ഷയാണ് നീറ്റ് എന്നത് കൊണ്ടാണ് അതിനു ഇത്രത്തോളം പ്രാധാന്യം കൈവരുന്നത്. അതു കൊണ്ട് തന്നെ ഈ പരീക്ഷക്ക്‌ തയ്യാറെടുക്കുന്നതിലൂടെ രാജ്യത്തെ പ്രമുഖ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.സ്, ബി ഡി എസ് തുടങ്ങിയ വിവിധ കോഴ്സുകളിൽ പ്രവേശനം നേടി മികച്ച കരിയർ തിരഞ്ഞെടുക്കാനുള്ള അവസരമാണ് നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത്.

മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി മുൻപ് അഖിലേന്ത്യാ തലത്തിൽ ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റിനോപ്പം മറ്റു പല പരീക്ഷകളും എഴുതണമായിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ അവരുടേതായ പല പ്രവേശന പരീക്ഷകളും നില നിന്നിരുന്നു. എന്നാൽ ഇപ്പോൾ വിവിധങ്ങളായ ഈ പരീക്ഷകളൊക്കെ ഏകീകരിച്ചു നീറ്റ് കൊണ്ട് വന്നതിനാൽ മെഡിക്കൽ മേഖല തൊഴിലായി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഒരു പരീക്ഷ മാത്രം എഴുതിക്കൊണ്ട് തങ്ങളുടെ സ്വപ്നത്തിലേക്കു മുന്നേറാൻ സാധിക്കും.

നീറ്റ് പരീക്ഷയെഴുതാൻ ഒരു വിദ്യാർത്ഥി താഴെ പറയുന്ന യോഗ്യതകൾ പൂർത്തിയാക്കിയിരിക്കണം

 •  11,12 ക്ലാസ്സുകളിൽ ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവ പ്രധാന വിഷയങ്ങളായി എടുത്തിരിക്കണം
 •  ഒരു അംഗീകൃത ബോർഡിന് കീഴിൽ പഠിച്ച് 10+2 വിജയിച്ചിരിക്കണം.
 • വിദ്യാർഥികൾ 17 വയസ്സ് പൂർത്തിയാക്കിയവരായിരിക്കണം.

നീറ്റ് പരീക്ഷയുടെ പ്രാധാന്യത്തോടൊപ്പം നീറ്റിന് തയ്യാറെടുക്കുന്നതിന്റെ 5 ഗുണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

നീറ്റ് പരീക്ഷയുടെ ഗുണങ്ങൾ

 1.മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഏക പ്രവേശന പരീക്ഷയാണ് നീറ്റ്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്കടക്കം മെഡിക്കൽ കോഴ്സുകൾക്കായുള്ള ഏകീകൃത പരീക്ഷ എന്നതാണ് നീറ്റിന്റെ പ്രധാനപ്പെട്ട ഒരു ഗുണം. ആത്മാർത്ഥമായി പരിശ്രമിക്കുന്നഏതൊരു വിദ്യാർത്ഥിക്കും മെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ സാധ്യത കൂടുന്നു എന്നതിനൊപ്പം യോഗ്യതയില്ലാത്തവർ പ്രവേശനം നേടുന്നത് തടയാനും റാങ്ക് ലിസ്റ്റുകളിലും പ്രവേശന പ്രക്രിയകളിലും നടന്നു കൊണ്ടിരിക്കുന്ന തട്ടിപ്പുകൾക്ക് അറുതി വരുത്താനും നീറ്റ് കൊണ്ട് സാധിക്കും.

2.പ്രവേശനം നേടുക എന്ന ലക്ഷ്യം കൂടുതൽ കൃത്യവും വ്യക്തവുമാകുന്നു.

വിദ്യാർത്ഥികളെ ആശയ കുഴപ്പത്തിലാക്കുന്ന ഒന്നിലധികം പരീക്ഷകൾക്ക് പകരം ഒറ്റ പരീക്ഷ കൊണ്ട് വന്നതിനാൽ വിദ്യാർത്ഥികളുടെ ലക്ഷ്യം കൂടുതൽ വ്യക്തമാക്കുകയും ആ ഒരൊറ്റ ലക്ഷ്യത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനും അവർക്കു സാധിക്കുന്നു.

മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാൻ ഒറ്റ കടമ്പ മാത്രം കടന്നാൽ മതി എന്നതിനാൽ വിദ്യാർത്ഥികൾക്ക് അവരുടെ ആശങ്കകൾ മാറുവാനും ഭാരം കുറയുവാനും അതു സഹായകരമാകും.

മാനസിക പിരിമുറുക്കങ്ങൾ ഒന്നുമില്ലാതെ സമാധാനത്തോടെ ഒരേയൊരു പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പഠിക്കുമ്പോൾ ഉയർന്ന മാർക്കോടെ വിജയിക്കാനുള്ളസാധ്യതയും വർധിക്കും.

3.അർഹരായ വിദ്യാർത്ഥികൾക്ക് ഒരിക്കലും അവസരം നഷ്ടപ്പെടുന്നില്ല

എല്ലാവർക്കും അവരവരുടെ കഴിവിനനുസരിച്ചു പരീക്ഷയിൽ തിളങ്ങാനുള്ള തുല്യാ വസരമാണ് നീറ്റിലൂടെ ലഭിക്കുന്നത്. ഓരോരുത്തർക്കും അവരുടെ റാങ്കിനനുസരിച്ചു ഏതൊരു സംസ്ഥാനത്തുമുള്ള ഇഷ്ടപ്പെട്ട കോളേജ് തിരഞ്ഞെടുക്കാനും സാധിക്കുന്നു.

4.ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വേണ്ടത്ര സമയം ഉണ്ട്

മുൻപ് നടത്തിയിരുന്ന ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ്‌ നു 3 മണിക്കൂറിൽ 200 ചോദ്യങ്ങൾക്കാണ് വിദ്യാർഥികൾ ഉത്തരമെഴുതേണ്ടിയിരുന്നത്. എന്നാൽ നീറ്റ് പരീക്ഷയിൽ ഇതേ സമയത്തിനുള്ളിൽ 180 ചോദ്യങ്ങൾക്കു മാത്രമാണ് വിദ്യാർഥികൾ ഉത്തരമെഴുതേണ്ടത്. ധൃതി കൂടാതെ എല്ലാ ചോദ്യങ്ങൾക്കും ശ്രദ്ധിച്ചു ഉത്തരം കണ്ടെത്താൻ ഇതിലൂടെ വിദ്യാർഥികൾക്കാകുന്നു.

5.സുതാര്യമായ പരീക്ഷാ പ്രക്രിയയാണ് നീറ്റിനുള്ളത്

സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കൽ കോളേജുകളും അവരവരുടേതായ രീതിയിൽ നടത്തുന്ന പ്രവേശന പരീക്ഷകൾ എപ്പോഴും ചോദ്യപ്പേപ്പർ ചോരുന്നതിലൂടെയും മറ്റു പരാതികൾ മൂലവും എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. പല പരീക്ഷകളിലും പരീക്ഷ നടത്തുന്നവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലുള്ള ഇടപെടലുകളും സംഭവിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ പരീക്ഷകളെയും ഏകീകരിച്ചു കൊണ്ട് നടപ്പിലാക്കിയ നീറ്റ് സുതാര്യവും വിശ്വസനീയവുമായ പ്രക്രിയയിലൂടെയാണ് നടക്കുന്നത്. എൻ.ടി.എ എന്ന സ്വതന്ത്രമായ ഏജൻസിയാണ് നീറ്റിന് ചുക്കാൻ പിടിക്കുന്നത് എന്നതിനാൽ ഒരു വിധത്തിലുള്ള തട്ടിപ്പുകൾക്കും പരാതികൾക്കും ഇടം കൊടുക്കാതെ പ്രവേശനം പൂർത്തിയാക്കാനാകുന്നു.

FAQ

 1. നീറ്റ് പരീക്ഷയിൽ വിജയം നേടി കഴിഞ്ഞാൽ തുടർന്നുള്ള നടപടികൾ എന്തൊക്കെയാണ്?

നീറ്റ് പരീക്ഷയുടെ കട്ട്‌ ഓഫ്‌ മാർക്ക്‌ നേടുന്നവർ തുടർന്നുള്ള പ്രവേശന നടപടികളിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നു.

പൊതുവിഭാഗത്തിൽ 50 ശതമാനം നേടിയവരും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലും ഓ.ബി. സി വിഭാഗത്തിലും പെട്ടവരിൽ 40 ശതമാനം നേടിയവരും നീറ്റ് കൗൺസിലിങ് നടപടികളിലേക്ക് കടക്കുകയും പ്രവേശനം പൂർത്തിയാക്കുകയും ചെയ്യുന്നു. സംവരണ വിഭാഗത്തിന് പുറത്തുള്ളവർക്ക് 600 മാർക്കിന് മുകളിൽ നേടിയാൽ മാത്രമേ ഏതെങ്കിലുമൊരു സർക്കാർ മെഡിക്കൽ കോളേജിലേക്ക് പ്രവേശനം ഉറപ്പിക്കാനാകൂ. എന്നാൽ ഓരോ വർഷവും വിദ്യാർത്ഥികൾ കൂടുതൽ മാർക്ക്‌ നേടിക്കൊണ്ടിരിക്കുന്നതിനാൽ ഇനിയുള്ള പരീക്ഷകളിൽ കഴിയുന്നത്ര മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഉന്നതമായ സ്ഥാപനങ്ങളിൽ സീറ്റ്‌ ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ.

2. എത്ര മണിക്കൂറാണ് നീറ്റിന് തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥി ഉറങ്ങേണ്ടത്?

നീറ്റിന് തയ്യാറെടുക്കുന്ന ഏതൊരാളും ഒരു ദിവസം കുറഞ്ഞത് 6-7 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. അതു മനസ്സിനും ശരീരത്തിനും വിശ്രമം നൽകുകയും അതിലൂടെ കൂടുതൽ കാര്യക്ഷമതയോടെ പഠിക്കാനും സാധിക്കും.

ശരീരത്തിനും മനസ്സിനും വേണ്ടത്ര വിശ്രമം അനുവദിക്കാത്തത് പല തരത്തിലുമുള്ള അസുഖങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നീറ്റിൽ ഉന്നത വിജയം ആഗ്രഹിക്കുന്ന ഏതൊരാളും ദിവസത്തിൽ 7 മണിക്കൂർ ഉറക്കം ഉറപ്പു വരുത്താൻ ശ്രദ്ധിക്കണം.

3. നീറ്റിൽ 720 മാർക്ക് നേടുക സാധ്യമാണോ?

തീർച്ചയായും നിങ്ങൾക്ക് 720/720 മാർക്ക്‌ നേടാൻ സാധിക്കും.ചരിത്രത്തിൽ ആദ്യമായി  2020 ൽ ഷോയബ് അഫ്താബ്, ആകാൻഷാ സിംഗ് എന്നീ വിദ്യാർഥികൾ മുഴുവൻ മാർക്കും നേടിക്കൊണ്ട് അഖിലേന്ത്യ തലത്തിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കുകയുണ്ടായി. അതുകൊണ്ട് അവരെപ്പോലെ കഠിനധ്വാനം ചെയ്യുന്ന ആർക്കും നീറ്റിൽ മുഴുവൻ മാർക്ക് നേടി ഉന്നതവിജയം കൈപ്പിടിയിലൊതുക്കാൻ സാധിക്കും.

Categories
Malayalam

ആദ്യ അവസരത്തിൽ തന്നെ നീറ്റ് പരീക്ഷയിൽ വിജയം നേടാനുള്ള പ്രായോഗികമായ 6 വഴികൾ

ഇന്ത്യയിലെ മികച്ച മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഏറ്റവും കടുപ്പമേറിയ പ്രവേശന പരീക്ഷയായാണ്  നീറ്റ്.

ചിലർ ആദ്യ അവസരത്തിൽ തന്നെ വിജയം നേടുമ്പോൾ (crack neet in the first attempt) മറ്റു പലർക്കും വിജയത്തിലെത്താനായി ഒന്നിൽ കൂടുതൽ പ്രാവശ്യം പരിശ്രമിക്കേണ്ടതായും വരാറുണ്ട്.

നീറ്റ് പോലൊരു പരീക്ഷയിൽ ആദ്യത്തെ പരിശ്രമത്തിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുമോ എന്നു നിങ്ങൾ അദ്‌ഭുതപ്പെട്ടേക്കാം. പക്ഷെ അത്തരത്തിലൊരു വിജയം ഒരിക്കലും അപ്രാപ്യമായ ഒന്നല്ല. 

കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം 60 മുതൽ 70 ശതമാനം വരെ ഉദ്യോഗാർഥികളും ആദ്യ ശ്രമത്തിൽ തന്നെ നീറ്റ് പരീക്ഷ പാസ്സാകുന്നതായി കാണാൻ സാധിക്കും. അതും 600 ൽ അധികം മാർക്ക്‌ നേടി.

സാധാരണയായി നീറ്റ് പരീക്ഷയുടെ ആദ്യ ശ്രമം പ്ലസ്‌ 2 ബോർഡ്‌ പരീക്ഷയുടെ കൂടെ തന്നെയാണ് കടന്നു പോകുന്നത്. നീറ്റ് പരീക്ഷയുടെ സിലബസ് പ്ലസ്‌ 1 ലെയും പ്ലസ്‌ 2 ലെയും ജീവശാസ്ത്രം ,ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിഷയങ്ങളിൽ മികച്ച അടിത്തറയുള്ള ഏതൊരു വിദ്യാർത്ഥിക്കും നീറ്റ് ആദ്യ  അവസരത്തിൽ തന്നെ നേടാൻ സാധിക്കും. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം ലക്ഷ്യമാക്കുന്ന ഏതൊരാളും അടുത്ത വർഷത്തെ പരീക്ഷക്കായി കാത്തു നിൽക്കാതെ ആദ്യ അവസരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ തക്ക രീതിയിൽ കഠിനമായി പ്രയത്നിക്കേണ്ടതാണ്. 

ആദ്യ പരിശ്രമത്തിൽ തന്നെ നീറ്റ് 2022 ൽ എങ്ങനെ വിജയം നേടാം?

നീറ്റ് 2022 ആദ്യ ശ്രമത്തിൽ തന്നെ നേടുക എന്ന ലക്ഷ്യമാണ് നിങ്ങൾ മുന്നിൽ കാണുന്നതെങ്കിൽ ചിട്ടയായ പഠനത്തോടൊപ്പം മറ്റു ചില കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതാ നീറ്റ് 2022 ആദ്യ ശ്രമത്തിൽ  തന്നെ വിജയിക്കാൻ ചില നിർദേശങ്ങൾ.

1. സിലബസ് നന്നായി മനസ്സിലാക്കുക

നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഏറ്റവും പ്രധാനമായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പരീക്ഷ സിലബസ് നന്നായി മനസ്സിലാക്കുക എന്നതാണ്. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്  നീറ്റ് 2022 ന്റെ സിലബസ് ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഒരു കടലാസ്സിൽ എഴുതി വെക്കുകയോ പ്രിന്റ് എടുത്തു സൂക്ഷിക്കുകയോ ചെയ്യണം. 

2. സമയക്രമം ചിട്ടപ്പെടുത്തുക

സമയക്രമം ചിട്ടപ്പെടുത്തുന്നത് അതിനനുസരിച്ചു വെറുതെ പഠനം പൂർത്തിയാക്കി തത്കാലികമായ ആനന്ദം നേടുക എന്നതിനായിട്ടല്ല. പകരം നിങ്ങളുടെ ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞു യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ഒരു സമയക്രമം ചിട്ടപ്പെടുത്തുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.

കൂടുതൽ യാഥാർത്ഥ്യ ബോധമുള്ളവരാകുക:

പഠനക്രമം ചിട്ടപ്പെടുത്തുന്നതിനു മുൻപ് 3 വിഷയങ്ങളുടെയും സിലബസ് നന്നായി മനസ്സിലാക്കി ഏതു വിഷയമാണ് ആദ്യം പഠിക്കേണ്ടത് എന്നു തീരുമാനിച്ചുറപ്പിക്കുക. എല്ലാ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകാൻ മറക്കരുത്.

സമയത്തിന്റെ ശരിയായ വിഭജനം:

ഒരേ സമയം ബോർഡ്‌ പരീക്ഷക്കും നീറ്റിനും തയ്യാറെടുക്കേണ്ടതിനാൽ രണ്ടിനും തുല്യ പ്രാധാന്യം നൽകുന്ന രീതിയിൽ അനുയോജ്യമായി സമയ വിഭജനം നടത്തുക.

ഉദാഹരണത്തിന്, എല്ലാ ദിവസവും സ്കൂളിലെ പഠനത്തിന് ശേഷം 3 മുതൽ 4 മണിക്കൂർ വരെയും അവധി ദിവസങ്ങളിൽ 8 മണിക്കൂറും നീറ്റ് പഠനത്തിന് മാറ്റി വയ്ക്കുന്നത് നിങ്ങളെ വളരെയേറെ സഹായിക്കും.

 പാഠഭാഗങ്ങൾ പൂർത്തിയാക്കേണ്ട സമയം മുൻകൂട്ടി നിശ്ചയിക്കുക:

പാഠഭാഗങ്ങൾ തീർക്കേണ്ട സമയം മുൻകൂട്ടി തീരുമാനിക്കുന്നത് പഠനം കൃത്യമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും. വിദ്യാർഥികൾ  വലുതും ചെറിയതുമായ ഭാഗങ്ങൾ ഒരേ സമയം പഠിച്ചു തീർക്കാൻ സാധിക്കുന്ന തരത്തിൽ സമയക്രമം തയ്യാറാക്കണം. ഹ്രസ്വമായ സമയത്തിനുള്ളിൽ പഠിച്ചു തീർക്കേണ്ട ഭാഗങ്ങൾ, ദീർഘമായ സമയത്തിനുള്ളിൽ പഠിക്കേണ്ട ഭാഗങ്ങൾ എന്ന രീതിയിൽ സമയം ക്രമീകരിച്ചാൽ ദിവസേനയുള്ള പഠനം കൃത്യമായി കൊണ്ട് പോകുന്നതിനൊപ്പം പരീക്ഷക്ക്‌ മുന്നേ പൂർത്തിയാക്കേണ്ടുന്ന ഭാഗങ്ങൾ പഠിച്ചു തീർക്കാനും സാധിക്കും.

3. ചെറിയ കുറിപ്പുകൾ തയ്യാറാക്കുക

പ്രധാനപ്പെട്ട ഭാഗങ്ങൾ ഓർത്തു വയ്ക്കാനും പരീക്ഷക്ക്‌ തൊട്ടു മുൻപുള്ള സമയത്തെ അവസാന വട്ട റിവിഷനും മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന ചെറിയ കുറിപ്പുകൾ നിങ്ങളെ സഹായിക്കും.  പ്രധാനപ്പെട്ടതും മറന്നു പോകാൻ സാധ്യതയുമുള്ള കാര്യങ്ങൾ പെട്ടെന്ന് കാണുന്ന രീതിയിൽ കുറിപ്പുകളിൽ അടയാളപ്പെടുത്തുന്നത് നല്ലതാണ്. മികച്ച രീതിയിൽ പഠനം മുന്നോട്ടു കൊണ്ട് പോകാൻ നോട്ട് തയ്യാറാക്കുന്നത് ഒരു ശീലമാക്കുക.

നീറ്റ് പരീക്ഷയുടെ സിലബസ് കൂടുതലായും NCERT പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് NCERT പുസ്തകങ്ങൾ പൂർണമായും ശ്രദ്ധയോടെ പഠിക്കുന്നത് ആദ്യ അവസരത്തിൽ തന്നെ നീറ്റ് പരീക്ഷ വിജയിക്കാൻ നിങ്ങളെ സഹായിക്കും.

4. മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുക

മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുന്നത് ചോദ്യങ്ങളുടെ സ്വഭാവവും  പരീക്ഷയുടെ കാഠിന്യത്തിന്റെ തോതും മനസ്സിലാക്കാൻ ഉപകരിക്കുന്നു. നിങ്ങളുടെ തയ്യാറെടുപ്പും നിലവാരവും സ്വയം പരീക്ഷിക്കാനും ഇതിലൂടെ സാധിക്കുന്നു. എവിടെയൊക്കെ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും ഏതൊക്കെ ഭാഗങ്ങൾ വീണ്ടും പഠിക്കണമെന്നുമൊക്കെയുള്ള ഏകദേശ ധാരണ ലഭിക്കാൻ മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുന്നത് നിങ്ങളെ തീർച്ചയായും സഹായിക്കും.

5. നിങ്ങളുടെ പ്രകടനത്തേയും പഠനനിലവാരത്തെയും സ്വയം വിലയിരുത്തുക

ഒരു ചോദ്യ പേപ്പർ പൂർത്തിയാക്കുക എന്നതിനോടൊപ്പം എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും വീണ്ടും വായിച്ചു മനസിലാക്കുക എന്നതതും പ്രധാനമാണ്. നിങ്ങൾ ശരിയാക്കിയതും തെറ്റിച്ചതുമായ എല്ലാ ചോദ്യങ്ങളും വിലയിരുത്തുന്നതിലൂടെ ചോദ്യത്തെ നിങ്ങൾ സമീപിക്കുന്നതിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ചോദ്യ പേപ്പർ ആഴത്തിൽ വിശകലനം ചെയ്യുന്നത് കൂടുതൽ സമയം പോകുന്ന കാര്യമാണെങ്കിലും  അതു നിങ്ങളെ നല്ല രീതിയിൽ സഹായിക്കും എന്ന കാര്യം ഉറപ്പാണ്. നിങ്ങളുടെ പഠനത്തിലെ  ശക്തിയും ദൗർബല്യവും ഇത്തരത്തിൽ ചോദ്യ പേപ്പർ വിശകലനത്തിലൂടെ മനസ്സിലാക്കിയാൽ അതിനനുസരിച്ചു പഠനം മുന്നോട്ടു കൊണ്ട് പോയി ആദ്യ അവസരത്തിൽ തന്നെ നീറ്റ് പരീക്ഷയിൽ വിജയം കൊയ്യാൻ നിങ്ങൾക്ക് സാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

6. കൃത്യതയോടൊപ്പം വേഗതയും ശീലമാക്കുക

നീറ്റ് 3 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പരീക്ഷയാണ്. ആയതിനാൽ മിക്കവാറും എല്ലാ ഉദ്യോഗാർത്ഥികളും വേഗത്തിൽ ചോദ്യങ്ങൾ ചെയ്തു തീർക്കുന്നതിനാണ് പ്രാധാന്യം കൊടുക്കാറുള്ളത്. എന്നാൽ വേഗത എന്നത് രണ്ടാമത് മാത്രം പ്രാധാന്യം കൊടുക്കേണ്ട ഒരു കാര്യമാണെന്നതാണ് യാഥാർഥ്യം. ഏകദേശം ഒരു കൊല്ലമോ 6-8 മാസങ്ങളോ മുന്നേ നീറ്റ് പരീക്ഷക്കായി തയ്യാറെടുപ്പു തുടങ്ങുന്ന ഒരാൾ ആദ്യം ശ്രദ്ധിക്കേണ്ടത് പഠന ഭാഗങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിലും ചോദ്യങ്ങൾക്ക് കൃത്യതയോടെ ശരിയുത്തരം കണ്ടെത്തുന്നതിലും ആണ്. ഇത്തരത്തിൽ ശരിയായ ദിശയിൽ തയ്യാറെടുപ്പ് മുന്നോട്ടു കൊണ്ട് പോകുന്ന ഒരാളെ സംബന്ധിച്ച് വേഗത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നത് ക്രമേണ ആർജിച്ചെടുക്കാവുന്ന ഒരു കഴിവാണ്.

FAQ:

1. ആദ്യ അവസരത്തിൽ തന്നെ എനിക്ക് നീറ്റ് പരീക്ഷയിൽ എങ്ങനെ 600 മാർക്കിൽ കൂടുതൽ നേടാൻ സാധിക്കും?

വ്യക്തമായ മാർഗ്ഗരേഖ തയ്യാറാക്കുകയും സമർപ്പണ മനോഭാവത്തോടെ അതു പിന്തുടരുകയും ചെയ്യുന്ന ഏതൊരാൾക്കും ആദ്യ അവസരത്തിൽ തന്നെ നീറ്റ് പരീക്ഷയിൽ 600 ൽ അധികം മാർക്ക് വാങ്ങി വിജയം കരസ്ഥമാക്കാൻ സാധിക്കും. താഴെ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെയും നിങ്ങൾക്ക് അത്തരത്തിൽ ഒരു ഉന്നത വിജയം നേടാൻ സാധിക്കും

 • സിലബസ് വ്യക്തമായി മനസിലാക്കുക
 • അനുയോജ്യമായതും പിന്തുടരാനാകുന്ന വിധത്തിലുമുള്ള ഒരു സമയ ക്രമം തയ്യാറാക്കുക
 • മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുന്നതും ചോദ്യോത്തരങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുന്നതും ഒരു ശീലമാക്കുക
 • നിങ്ങളുടെ ശക്തിയും ദൗർബല്യവും പൂർണമായി മനസ്സിലാക്കുക
 • സ്ഥിരത നിലനിർത്തുക
 • എപ്പോഴും ഉത്സാഹത്തോടെയും ആത്മവിശ്വാസത്തോടെയും കൂടി പഠനത്തെ സമീപിക്കുക

2. ഒരു വർഷത്തെ തയ്യാറെടുപ്പ് നീറ്റ് പരീക്ഷയിൽ വിജയിക്കാൻ പര്യാപ്തമാണോ?

അതെ. ഒരു വർഷത്തെ സ്ഥിരതയോടെയുള്ള തയ്യാറെടുപ്പു നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടാൻ പര്യാപ്തമാണ്

3. ഒരു ശരാശരി വിദ്യാർത്ഥിക്ക്‌ ആദ്യ അവസരത്തിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടുക എന്നത് സാധ്യമാണോ?

തീർച്ചയായും. നീറ്റ് എന്നത് നിങ്ങളുടെ കഴിവുകൾ അളക്കാനുള്ള ഒരു പരീക്ഷ മാത്രമാണ്. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർക്കും ശരാശരി വിദ്യാർഥികൾക്കും ശരിയായ രീതിയിൽ നടത്തുന്ന തയ്യാറെടുപ്പിലൂടെ ഉന്നത വിജയം നേടാൻ സാധിക്കുന്ന ഒരു പരീക്ഷയാണ് നീറ്റ്.

4. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾ എത്ര നേരമാണ് ഉറങ്ങാറുള്ളത്?

പഠനം മുന്നോട്ടു കൊണ്ട് പോകുന്നതിനൊപ്പം പഠിച്ച കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കുന്നതും പ്രധാനമാണ്. അതു കൊണ്ട് തന്നെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം ആഗ്രഹിക്കുന്ന ഏതൊരാളും ഒരു ദിവസം 6-7 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കാറുണ്ട്. ഇത് കൂടുതൽ ഏകാഗ്രതയോടെയും ഉർജസ്വലമായും പഠനം മുന്നോട്ടു കൊണ്ടു പോകാൻ സഹായകമാകുന്നു.

5. എത്ര മണിക്കൂറാണ് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടുന്നവർ പഠിക്കാറുള്ളത്?

നീറ്റ് പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർഥികൾ സാധാരണയായി പഠനസമയത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. പകരം മുന്നിലിരിക്കുന്ന ചോദ്യ പേപ്പറിലെ അവശേഷിക്കുന്ന ചോദ്യങ്ങളിൽ ഒന്ന് പോലും ഇനി ചെയ്യാൻ പറ്റാത്ത രീതിയിൽ മടുക്കുന്നത് വരെ ചോദ്യങ്ങൾ പരിശീലിക്കുക എന്ന ഒരു ലഘു തന്ത്രമാണ് നീറ്റ് വിജയികൾ സ്വീകരിക്കുന്നത്.അവർ എപ്പോഴും ആത്മവിശ്വാസം കൈവിടാതെ സ്ഥിരോത്സാഹത്തോടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്.

ഒരു ശരാശരി നീറ്റ് വിജയി ദിവസേന 3 മുതൽ 4 മണിക്കൂർ വരെ സ്വയം പഠിക്കുന്നതിൽ ശ്രദ്ധിക്കുന്നു.യഥാർത്ഥത്തിൽ ആദ്യ അവസരത്തിൽ തന്നെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിനു 24×7 പഠനം ഒരിക്കലും ആവശ്യമായി വരുന്നില്ല എന്നതാണ് സത്യം. എപ്പോഴും ഉത്സാഹത്തോടെയും സന്തോഷത്തോടെയും പരീക്ഷ പരിശീലനം മുൻപോട്ടു കൊണ്ട് പോകുക. നിങ്ങൾക്കിഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ തന്നെ സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധമുള്ളവരാകുക. അങ്ങനെയാണെങ്കിൽ മാത്രമേ ആദ്യ അവസരത്തിൽ നീറ്റ് പരീക്ഷയിൽ വിജയിക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. 

പടിപടിയായി വിജയത്തിലേക്കെത്തുന്നതാണ് ഏറ്റവും എളുപ്പം എന്നത് ഓർമയിൽ വയ്ക്കുക.

വിജയാശംസകൾ